കായംകുളം: പിണറായി സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമികതയില്ലെന്ന് ബി.ജെ.പി മേഖലാ പ്രസിഡന്റ് കെ.സോമൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും അഴിമതിക്കാരായി മാറിയിരിക്കുകയാണ്. സ്വർണകള്ളകടത്ത്, മയക്കുമരുന്ന് മാഫിയ ബന്ധമുള്ള മുഖ്യമന്ത്രിയും മന്ത്രിസഭയും കടക്ക്പുറത്ത് എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇടതുഭരണത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ സമസ്തമേഖലകളിലും തിരുകി കയറ്റിയിരിക്കുകയാണ്. ഇതിന് ഉദാഹരണമാണ് ആംബുലൻസിൽ രോഗിയെ പീഡിപ്പിച്ച സംഭവം. കായംകുളത്ത് ക്വട്ടേഷൻ മാഫിയ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. ഇതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന സിയാദിന്റെ കൊലപാതകം. സ്വർണകള്ളകടത്തുകാരെയും ക്വട്ടേഷൻ സംഘങ്ങളെയും പോറ്റിവളർത്തുന്ന പിണറായി സർക്കാർ എത്രയും പെട്ടെന്ന് അധികാരത്തിൽ നിന്ന് പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടൗൺ നോർത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.വിനോദ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനിദേവ് സംസ്ഥാനസമിതി അംഗങ്ങളായ പാറയിൽ രാധാകൃഷ്ണൻ, മഠത്തിൽ ബിജു, രമേഷ് കൊച്ചുമുറി, കെ.എ.വെങ്കിടേഷ്, പി.കെ.സജി, ജയകുമാർ, മഹേഷ്, സുവർണ്ണകുമാർ, ശാന്തരാജൻ, എൻ.ശിവാനന്ദൻ, സുരേഖദിലീപ്, രമണിദേവരാജൻ, പ്രജീഷ്, അനിൽ. അഡ്വ.സജീവ്തവക്കൽ, കണ്ണൻ, നാരായണപിള്ള, ശിവപ്രസാദ്, രാധാകൃഷ്ണൻ, ദിലീപ്, ,സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.