ചാരുംമൂട് : രണ്ടു കുട്ടികളടക്കം ഒരു വീട്ടിലെ അഞ്ച് കൊവിഡ്‌ രോഗികളെയും കയറ്റിവന്ന ആംബുലൻസ് തടഞ്ഞിട്ടത് തർക്കത്തിനും പ്രതിഷേധത്തിനും കാരണമായി. കണ്ടെയി​ൻമെന്റ് സോണായ താമരക്കുളം 9-ാം വാർഡിൽ പുത്തൻചന്ത ആലുവിളമുക്കിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ഇവിടെ ഒരു വീട്ടിലെ രണ്ടു കുട്ടികൾക്കടക്കം അഞ്ചു പേർക്ക് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റാനാണ് അംബുലൻസ് എത്തിയത്. വാർഡ് കണ്ടൈൻമെന്റ് സോണായതിനാൽ റോഡിന്റെ പല ഭാഗങ്ങളും അടച്ചിരിക്കുകയാണ്. രോഗികളെ കയറ്റിയ വീടിന്റെ സമീപവും വഴി അടച്ചിരുന്നു. ഈവഴി തുറന്നാണ് ആംബുലൻസ് മുന്നോട്ടെടുത്തത്. എന്നാൽ ഈ സമയം പരിസരവാസികളായ ചിലർ എത്തി വഴി തുറന്നവർ അടച്ചിട്ട് പോയാൽ മതി എന്നു പറഞ്ഞ് ആംബുലൻസ് തടഞ്ഞതായാണ് ആക്ഷേപം. തർക്കമായതോടെ അരമണിക്കൂറോളം രോഗികളുമായി ആംബുലൻസ് അവിടെ കിടക്കേണ്ടി വന്നു. വഴിയടച്ചു കൊടുത്ത ശേഷമാണ് രോഗികളുമായി പോകാനായത്.