ആലപ്പുഴ:സെപ്തംബർ അവസാനത്തോടെ പൂർത്തിയാവുമെന്ന് കരുതിയ ആലപ്പുഴ ബൈപാസിന്റെ നിർമ്മാണ ജോലികൾക്ക് മഴ വില്ലനായി. അപ്രതീക്ഷിതമായി എത്തിയ കനത്ത മഴ കാരണം പത്ത് ദിവസത്തെ പ്രധാന ജോലികളാണ് തടസപ്പെട്ടത്.
മഴയെ പ്രതിരോധിക്കാൻ 'മൊബൈൽ പന്തൽ' വരെ സജ്ജമാക്കിയാണ് ജോലികൾ തുടങ്ങിയതെങ്കിലും അതു കൊണ്ടും ഫലമുണ്ടായില്ല.സെപ്റ്റംബർ ഒന്നിനാണ് ബൈപ്പാസിന്റെ ഫ്‌ളൈ ഓവറിലെ 2.8 കി.മീറ്റർ ദൂരത്തിൽ മാസ്റ്റിക് അസ്ഫാൾട്ട് പ്രവൃത്തികൾ തുടങ്ങിയത്. മൂന്ന് ഷിഫ്റ്റുകളിലായിട്ടാണ് ജോലികൾ നിശ്ചയിച്ചിരുന്നത്.എന്നാൽ ഒരു പാളി മാത്രമാണ് ചെയ്യാൻ സാധിച്ചത്. സമയബന്ധിതമായി പണി തീർക്കാൻ പരിശീലനം ലഭിച്ച തൊഴിലാളികളെ തമിഴ്നാട്ടിൽ നിന്നാണ് എത്തിച്ചത്. ഒരു ദിവസം രണ്ട് സ്പാൻ വീതം പൂർത്തീകരിക്കാമെന്നായിരുന്നു പ്രതീക്ഷ.തമിഴ്നാട്ടിൽ നിന്നെത്തിയ ചില തൊഴിലാളികൾ ക്വാറന്റൈനിൽ പോകേണ്ടിവന്നതും ജോലിയെ ബാധിച്ചു.40 തൊഴിലാളികളാണ് ഇപ്പോഴുള്ളത്. മാസ്റ്റിക് അസ്ഫാൾട്ട് ഒഴികെയുള്ള മറ്റു ജോലികൾ തടസമില്ലാതെ നടക്കുന്നുണ്ട്.മഴ തുടർന്നാൽ ജോലികൾ വീണ്ടും നീണ്ടുപോകും.
മാസ്റ്റിക് അസ്ഫാൾട്ട്
ഫ്ളൈ ഓവറിലെയും റെയിൽവെ ഓവർബ്രിഡ്ജിലെയും കോൺക്രീറ്റും ടാറിംഗും തമ്മിൽ വേണ്ടത്ര പിടുത്തംകിട്ടാൻ ഉപരിതലം ഒരുക്കുന്ന പ്രവൃത്തിയാണ് മാസ്റ്റിക് അസ്ഫാൾട്ട്.12.2 സെന്റിമീറ്റർ കനത്തിലാണ് ഇത് ചെയ്യുന്നത്. അതിന് ശേഷമാവും ടാറിംഗ് നടത്തുക. ടാറിന്റെ മറ്റൊരു രൂപവും മെറ്റൽ ചിപ്സും എം.സാൻഡും കുമ്മായവും ചേർന്ന മിശ്രിതമാണ് മാസ്റ്റിക് അസ്ഫാൾട്ട്.ഈ മിശ്രിതം 170 ഡിഗ്രി സെന്റിഗ്രേഡിന് മുകളിൽ ഉരുക്കിയാണ് ഉപരിതലത്തിൽ ഒഴിക്കുന്നത്.
നേരത്തെ രണ്ട് തവണ പ്രവൃത്തികളുടെ പുരോഗതി മന്ത്രി ജി.സുധാകരൻ നേരിട്ടെത്തി വിലയിരുത്തിയിരുന്നു. നിർമ്മാണ പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിഥിൻ ഗഡ്ഗരിക്ക് അയയ്ക്കുകയും ചെയ്തു.
നഗരത്തിന്റെ വീർപ്പുമുട്ടൽ മാറും
ബൈപാസ് പൂർത്തിയാവുന്നതോടെ ആലപ്പുഴ പട്ടണത്തിലെ ഗതാഗത വീർപ്പുമുട്ടലിന് പരിഹാരമാവും. കൊല്ലം ഭാഗത്തു നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള ദീർഘദൂര വാഹനങ്ങൾക്കും ചരക്കുവാഹനങ്ങൾക്കും പട്ടണത്തിരക്കിലേക്ക് കടക്കാതെ കടന്നുപോകാമെന്നതാണ് പ്രധാന നേട്ടം. ഇടുങ്ങിയ റോഡുകളും അടുത്തടുത്ത് പാലങ്ങളുമുള്ള ആലപ്പുഴയിൽ ഒരു വാഹനം ബ്രേക്ക്ഡൗണായാൽ സർവ്വത്രഗതാഗതക്കുരുക്കാണ് ഫലം.
ബൈപാസ് വിശാലമായ ആലപ്പുഴ ബീച്ചിനരികിലൂടെ കടന്നുപോകുന്നതിനാൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നതും മറ്റൊരു പ്രത്യേകത.