കായംകുളം: മഞ്ഞിന്റെ താഴ്വരയിലെ മലയാളിക്കൂട്ടായ്മയ്ക്ക് കാരുണ്യത്തിന്റെ സുഗന്ധം. വിവിധ ജീവകാരുണ്യ പദ്ധതികൾക്കായി കൈകോർക്കുകയാണ് അരുണാചൽ പ്രദേശിലെ മലയാളി കൂട്ടായ്മയായ കേരള കലാ സാംസ്കാരിക വേദി.
കൊവിഡ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ പൂവൻകോഴി ലേലത്തിൽ വാശിയേറിയപ്പോൾ ഒരു കോഴിയുടെ വില അമ്പതിനായിരത്തോളമെത്തി. ഇതിലൂടെയും മറ്റും സമാഹരിച്ച തുകയുടെ ഗുണഭോക്താക്കളായത് കേരളത്തിലെ അഞ്ച് വിദ്യാർത്ഥികളാണ്.
കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സഹായകരമാകുന്ന രീതിയിൽ രണ്ട് എൽ.ഇ.ഡി ടെലിവിഷനുകൾ മൂന്ന് സ്മാർട്ട് ഫോണുകൾ എന്നിവ വാങ്ങി നൽകി. ചൈനയോട് ആയിരം കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് അരുണാചൽ പ്രദേശ്.
അവധിയിൽ നാട്ടിലുള്ള പ്രവർത്തകരാണ് ആലപ്പുഴ,കൊല്ലം,പത്തനംതിട്ട, കോട്ടയം,കണ്ണൂർ ജില്ലകളിലായി ഗുണഭോക്താക്കളെ കണ്ടെത്തി നേരിട്ട് സഹായം നൽകിയത്. കൺവീനർ ഫിലിപ്പോസ് ജോർജ്ജ് കണ്ണൂർ പെരിങ്കരി പുതുപ്പറമ്പിൽ ബിനോയ് തോമസിന്റെ മകന്റെ പഠനാർത്ഥം 32 ഇഞ്ചുള്ള എൽ.ഇ.ഡി ടെലിവിഷൻ സ്കൂൾ ഹെഡ്മിസ്ട്രസിനു കൈമാറിയപ്പോൾ പത്തനംതിട്ടയിൽ വേദിയുടെ വർക്കിംഗ് പ്രസിഡന്റ് രവീന്ദ്രൻ നായർ റാന്നി വള്ളിക്കാലാലയിൽ വിഗീഷിന്റെ മകൾക്ക് ടി.വി കൈമാറി.
പ്രളയകാലത്ത് ഏഴുലക്ഷം രൂപയാണ് സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കൂടാതെ വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി നൽകിയിരുന്നു.
...............................
അരുണാചലിലെ മലയാള കൂട്ടായ്മ ഒരു ആവേശമാണ്. എവിടെ ജോലിചെയ്താലും മനസ് നിറയെ മലയാളമാണ്
എസ്. ശ്രീമോഹൻകുമാർ ,കണ്ടല്ലൂർ
[അസി. സബ്ബ് ഇൻസ്പെക്ടർ
അരുണാചൽ പ്രദേശ് സ്റ്റേറ്റ് പൊലീസ്]