ഹരിപ്പാട്: മണ്ഡലത്തിലെ കിഫ്ബി വർക്കുകൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നടത്തിയ പരാമർശം തെറ്റിദ്ധാരണ മൂലമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി പറയുന്ന ഇലഞ്ഞിമേൽ - ഹരിപ്പാട് റോഡ് ( 17 കോടി) ചെങ്ങന്നൂർ മണ്ഡലത്തിലെ വർക്കുകളുടെ ലിസ്റ്റിൽ പെടുന്നതാണ്. ഹരിപ്പാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനും മംഗലം ഹയർ സെക്കൻഡറി സ്കൂളിനും എം.എൽ.എ ഫണ്ടും കൂടി ചേർത്തുള്ള തുകയാണ് മന്ത്രി സൂചിപ്പിച്ചിട്ടുള്ളത്. ഇതിൽ മംഗലം സ്കൂളിന്റെ പണി ആരംഭിക്കാൻ പോലും കഴിഞ്ഞിട്ടില്ല. തന്റെ പോരാട്ടത്തിന്റെ അനന്തരഫലമാണ് മന്ത്രിയുടെ മണ്ഡലത്തിൽ പോലും കടൽഭിത്തിയ്ക്ക് പണം ലഭിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മറ്റ് നിയോജകമണ്ഡലത്തിലെ വർക്കിന്റെ പേര് കാണിച്ച് ഹരിപ്പാട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു.