ചേർത്തല:എസ്.എൻ ട്രസ്​റ്റിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ചേർത്തല റീജിയണിലെ 3(ഇ) കാറ്റഗറിയിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ഔദ്യോഗിക പാനലിന് സമ്പൂർണ വിജയം.ചേർത്തല എസ്.എൻ കോളേജ്, ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്​റ്റഡീസ്, എസ്.എൻ ട്രസ്​റ്റ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്

.45 പ്രതിനിധികളെയാണ് തിരഞ്ഞെടുത്തത്.എതിർ പക്ഷത്തുനിന്നു മൂന്നു പേരാണ് മത്സരിച്ചത്.ആകെയുള്ള 6151 വോട്ടർമാരിൽ 3608 പേർ വോട്ട് ചെയ്തു. രാവിലെ 8 മുതൽ വൈകിട്ട് 6 വരെ നടന്ന തിരഞ്ഞെടുപ്പിൽ 58.65 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്.സംസ്ഥാന ദുരന്ത നിവാരണ സമിതിയുടെ അനുമതിയോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 62 ബൂത്തുകളിൽ 100 പേർക്ക് വീതം വോട്ട് ചെയ്യാനുള്ള ക്രമീകരണമാണ് ഒരുക്കിയിരുന്നത്.ആകെയുള്ള 10 മേലകളിലും 8 സ്ഥലത്തും വെള്ളാപ്പള്ളി നയിക്കുന്ന ഒൗദ്യോഗിക പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചേർത്തലയിലും കൊല്ലത്തും മാത്രമാണ് മത്സരം നടന്നത്.3 (ഡി) കാറ്റഗറിയിലേക്കുള്ള തിരഞ്ഞെടുപ്പ് 26ന് ചേർത്തല എസ്.എൻ കോളേജിൽ നടക്കും.224 പേരേയാണ് തിരഞ്ഞെടുക്കേണ്ടത്.ഒൗദ്യോഗിക പാനലിനെതിരെ 92 പേർ മത്സര രംഗത്തുണ്ട്.എതിരായി പത്രിക സമർപ്പിച്ച 23 പേർ പിൻമാറിയിരുന്നു.