ആലപ്പുഴ: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് മഹാസമാധി ഭക്തിനിർഭരമായ ചടങ്ങുകളോടെ നാളെ ആചരിക്കും. എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര, ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കുട്ടനാട് സൗത്ത്, കാർത്തികപ്പള്ളി, ചേപ്പാട്, കായംകുളം, മാവേലിക്കര ടി.കെ.മാധവൻ സ്മാരക യൂണിയൻ ,മാന്നാർ, ചാരൂംമൂട്, ചെങ്ങന്നൂർ യൂണിയനുകളിലെ ശാഖായോഗങ്ങൾ, വിവിധ സംഘടനകൾ, ഗുരുധർമ്മ പ്രചാരണ സഭ എന്നിവയുടെ നേതൃത്വത്തിൽ ശാന്തിഹവനം, ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുഭാഗവത പാരായണം, കഞ്ഞിവീഴ്ത്തൽ, മഹാസമാധി പ്രാർത്ഥന, ശാന്തിയാത്ര എന്നിവ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
അമ്പലപ്പുഴ യൂണിയനിൽ
ആൾക്കൂട്ടം ഒഴിവാക്കി ഗുരുപ്രാർത്ഥന, പുഷ്പാർച്ചന, ദീപക്കാഴ്ച എന്നീ ചടങ്ങുകളാണ് പ്രധാനമായും സംഘടിപ്പിക്കുക. ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ രാവിലെ 9ന് പുഷ്പാർച്ചനക്ക് ശേഷം താലൂക്ക് വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥനയും ഗുരുഭാഗവത പാരായണവും . ശാഖായോഗാങ്കണത്തിലും എല്ലാ ഭവനങ്ങളിലും കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് രാവിലെ ഗുരുപ്രാർത്ഥന നടക്കും. വൈകിട്ട് എല്ലാ ശാഖാ ആസ്ഥാനങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും ശാഖായോഗത്തിന്റെയും,വനിതാസംഘത്തിന്റെ നേതൃത്വത്തിൽ 50ൽ കവിയാത്ത നിലവിളക്കുകൾ തെളിച്ച് ദീപക്കാഴ്ചയും പ്രാർത്ഥനയും നടത്തും. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ, അന്നദാനം, മൗനജാഥ എന്നിവ ഒഴിവാക്കിയതെന്ന് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.
കുട്ടനാട് സൗത്ത് യൂണിയനിൽ
യൂണിയനിലെ 40 ശാഖകളിലും സമാധി ദിനാചരണ ചടങ്ങുകൾ നടക്കും. ഭവനങ്ങളിൽ പ്രർത്ഥന, ഉപവാസം, ഗുരുദേവ കൃതകളുടെ ആലാപനം എന്നീ ചടങ്ങുകളും ഗുരുമന്ദിരങ്ങളിൽ പ്രത്യേക പൂജയും നടക്കും. രാവിലെ യൂണിയൻ ആസ്ഥാനത്ത് അഡ്മിസിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ജെ.സദാനന്ദൻ പതാക ഉയർത്തും.
കുട്ടനാട് യൂണിയനിൽ
കുട്ടനാട് യൂണിയനിലെ 34 ശാഖകളിലും രാവിലെ 6 മുതൽ ഗണപതി ഹോമം, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരു ഭാഗവത പാരായണം, ഉപവാസ യജ്ഞം' പ്രഭാഷണം, മഹാസമാധി പൂജ തുടങ്ങിയവ നടക്കും.
യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽ പ്രാർത്ഥനായജ്ഞവും ഗുരുദേവ വചനാമൃതവും സമാധി പൂജ, മംഗളാരതി തുടങ്ങിയ ചടങ്ങുകൾ ഉണ്ടാകും. രാവിലെ 10ന് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഭദ്രദീപം തെളിയ്ക്കും. വൈസ്‌ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ പ്രാർത്ഥനായജ്ഞവും ഗുരുദേവ വചനാമൃതവും ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം എ.കെ.ഗോപിദാസ്, എം.പി.പ്രമോദ്, അഡ്വ.എസ്.അജേഷ് കുമാർ, ടി.എസ്.പ്രദീപ് കുമാർ, കെ.കെ.പൊന്നപ്പൻ, പി.ബി.ദിലീപ് എന്നിവർ സംസാരിക്കും.യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ്, സെക്രട്ടറി പി.ആർ.രതീഷ്, ജോയിന്റ് സെക്രട്ടറി രഞ്ചു വി.കാവാലം,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലേഖജയപ്രകാശ്, സെക്രട്ടറി സജിനി മോഹനൻ, ട്രഷറർ സ്വപ്ന സനൽ, കേന്ദ്രസമിതി അംഗംസിന്ധു പ്രകാശ്, എംപ്ലോയിസ് ഫോറം കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി ഗോകുൽദാസ് , പുന്നക്കുന്നം 6421-ാംനമ്പർ ശാഖാ സെക്രട്ടറി രഞ്ജിനി ബിനു എന്നിവർ ഗുരുദേവ കൃതികളെ ആസ്പദമാക്കി പ്രഭാഷണം നടത്തും. സൈമ്പർസേന യൂണിയൻ കൺവീനർ ശരത്കുമാർ എസ് നന്ദി പറയും.
ചേപ്പാട് യൂണിയനിൽ
രാവിലെ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. യൂണിയനിലെ 52 ശാഖകളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മഹാശാന്തിഹവന യജ്ഞം, വിശേഷാൽ ഗുരുപൂജ, വേദമന്ത്രജപം, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണം, അന്നദാനം, ഉപവാസം എന്നിവ നടക്കും. യൂണിയൻ ആസ്ഥാനത്ത് രാവിലെ ഗുരുപൂജ, വേദമന്ത്രജപം, സങ്കീർത്താനാലാപനം. തുടർന്ന് യൂണിയൻ ഭാരവാഹികൾ ശാഖകളിൽ സന്ദർശനം നടത്തും.
കാർത്തികപ്പള്ളി യൂണിയനിൽ
യൂണിയനിലെ 64 ശാഖകളുടെ നേതൃത്വത്തിൽ മഹാസമാധിദിനം ആചരിക്കും. രാവിലെ യൂണിയൻ സൗധത്തിൽ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തും. തുടർന്ന് ശാഖകളിൽ കെ. അശോകപ്പണിക്കർ, വൈസ് പ്രസിഡന്റ് എം.സോമൻ, സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർമാരായ പ്രൊഫ. സി.എം. ലോഹിതൻ, ഡോ. ബി.സുരേഷ് കുമാർ എന്നിവരും യൂണിയൻ കൗൺസിൽ അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും സന്ദർശനം നടത്തും.
കായംകുളം യൂണിയനിൽ
കായംകുളം യൂണിയൻ ഓഫിസിൽ രാവിലെ 9 മണിക്ക് പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും നടക്കും. ശാഖായോഗം ഓഫീസുകളിലും ഗുരുമന്ദിരങ്ങളിലും കഞ്ഞിയും പായസവും സാമൂഹ്യ അകലം പാലിച്ച് വിളമ്പും.യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, സെക്രട്ടറി പി.പ്രദീപ് ലാൽ, വൈസ് പ്രസിഡന്റ് കോലത്തു ബാബു തുടങ്ങിയവർ നേതൃത്വം നൽകും.
ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിൽ
സാമൂഹ്യ അകലം പാലിച്ച് മഹാസമാധി ദിനം ആചരിക്കണമെന്ന് യൂണിയൻ അഡ്മിനിസ്ടേറ്റിവ് കമ്മറ്റി ശാഖായോഗങ്ങളെ അറിയിച്ചു . യൂണിയൻ ഗുരുക്ഷേത്രത്തിൽ രാവിലെ സമൂഹപ്രാർത്ഥനയും തുടർന്ന്ഉപവാസവും വിശേഷാൽ പൂജകളും ഉണ്ടാവും. ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്രായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ്, വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ പങ്കെടുത്തു
ഗുരുധർമ്മ പ്രചാരണസഭ
ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽമഹാസമാധി ദിനാചരണം ഭക്തിപൂർവം ആചരിക്കും . സഭയിലെ മുഴുവൻ അംഗങ്ങളും ഗുരുദേവ വിശ്വാവാസികളും സമാധിദിനത്തിൽ ഭവനങ്ങളിൽ പ്രാർത്ഥന, ഉപവാസം, ഗുരുദേവ പാരായണം, മഹാഗുരുപൂജ തുടങ്ങിയ ചടങ്ങുകൾ സംഘടിപ്പിക്കും.