നഗരസഭ ശതാബ്ദി മന്ദിരം ഉദ്ഘാടനം ഒക്ടോബർ ആദ്യവാരത്തിൽ
ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ ശതാബ്ദിമന്ദിരം ഒക്ടോബർ ആദ്യവാരത്തിൽ നാടിന് സമർപ്പിക്കും. ഇതോടൊപ്പം തന്നെ നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. 22ന് നടക്കുന്ന കൗൺസിൽ യോഗം ഉദ്ഘാടന തീയതി തീരുമാനിക്കും. ശതാബ്ദിമന്ദിരോദ്ഘാടനത്തോടൊപ്പം എയ് റോബിക് കമ്പോസ്റ്റ് സെന്ററുകളുടെ നവീകരണം, ഭിന്നശേഷിക്കാർക്കുള്ള തെറാപ്പിക് സെന്റർ, വിഷരഹിത പച്ചക്കറിയും നെല്ല് ഉത്പാദനവും, ഓൺലൈൻ പഠനത്തിന് ടി.വി, ജനകീയ ഹോട്ടൽ, കനാൽ നവീകരണം, സമ്പൂർണ പാർപ്പിടം തുടങ്ങിയവയുടെ ഉദ്ഘാടനം നടപ്പാക്കാനാണ് ഭരണപക്ഷം ഉദ്ദേശിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉദ്ഘാടനം നടത്താനാണ് നീക്കം. 52 വാർഡു മാത്രമേ ഉള്ളെങ്കിലും ഭാവിയിൽ കോർപ്പറേഷൻ ആയാൽ 110 പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള കൗൺസിൽ ഹാളാണ് നിർമ്മിച്ചിട്ടുള്ളത്. ചെയർമാൻ, വൈസ് ചെയർമാൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, റവന്യു, എൻജിനിയറിംഗ്, ആരോഗ്യ വിഭാഗങ്ങൾ എന്നിവർക്ക് ആവശ്യത്തിന് പ്രത്യേകം കാബിനുകളുണ്ടാകും. ഉദ്ഘാടനത്തിന് ശേഷം ഇപ്പോഴത്തെ കെട്ടിടത്തിൽ നിന്ന് നഗരസഭ ഓഫീസും കൗൺസിൽ ഹാളും ഉൾപ്പെടെയുള്ള ഓഫീസ് സംവിധാനം പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റും.
ഇ.എം.എസ് സ്റ്റേഡിയം, നഗരചത്വരം, വാടയ്ക്കൽ തീരം എന്നിവിടങ്ങളിൽ ജനകീയ ഹോട്ടലുകൾ തുറക്കും. ഓൺലൈൻ പഠനത്തിന് 400 ടി.വി വിതരണം ചെയ്യും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഴവങ്ങാടി, കൊമ്മാടി, തത്തംപള്ളി എന്നിവിടങ്ങളിലെ ജലസംഭരണി ടാങ്കുകളും നിർമ്മാണം പൂർത്തിയായ രണ്ട് ആർ.ഒ പ്ളാന്റുകളും നാടിന് സമർപ്പിക്കും. .
പുതിയ പദ്ധതികൾ
27 : കേന്ദ്രസർക്കാർ സഹായത്തോടെ ഒൻപത് കോടി ചെലവഴിച്ച 27എയ് റോബിക് കമ്പോസ്റ്റ് സെന്ററുകളുടെ നവീകരണം
18.5 : പതിനെട്ടര ലക്ഷം ചെലവഴിച്ച് ഭിന്നശേഷിക്കാർക്കായി തെറാപ്പിക് സെന്റർ സ്റ്റേഡിയത്തിൽ ആരംഭിക്കും.
7 : വിഷരഹിത പച്ചക്കറിയും നെല്ല് ഉത്പാദനവും വർദ്ധിപ്പിക്കാൻ ഏഴുകോടി ചെലവഴിക്കും.
12: നഗരത്തിലെ 12 പാടശേഖരങ്ങളിൽ നെല്ല് ഉത്പാദനം വർദ്ധിപ്പിക്കാൻ അഞ്ചു കോടിയും വീട്ടുമുറ്റത്ത് വിഷരഹിത പച്ചക്കറിക്ക് രണ്ട്‌കോടിയുമാണ് ചെലവഴിക്കുന്നത്.
ശതാബ്ദി മന്ദിരം
കളക്ടറേറ്റിനു സമീപം അമ്മൻകോവിലിനടുത്ത്, നഗരസഭയുടെ ഉടമസ്ഥതയിലുള്ള 60 സെന്റിൽ 15 കോടി ചെലവഴിച്ച് അഞ്ച് നില കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം 2017ൽ ആണ് ആരംഭിച്ചത്. 2019ൽ ഉദ്ഘാടനം ലക്ഷ്യമിട്ടെങ്കിലും കോൺഗ്രസിലെ അധികാരകൈമാറ്റത്തിന്റെ പേരിൽ ജോലികൾ ആദ്യഘട്ടത്തിൽ മന്ദഗതിയിലായതിനാൽ ലക്ഷ്യത്തിൽ എത്താൻ സാധിച്ചില്ല. കഴിഞ്ഞ 30ന് മുമ്പ് നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നെങ്കിലും കൊവിഡും സാമ്പത്തികപ്രതിസന്ധിയും തടസമായി.