photo

ചാരുംമൂട് : നൂറനാട് ഇടക്കുന്നം ചിറയിൽ പടിഞ്ഞാറ്റതിൽ വിമലനെ (46) വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിലെ ദുരൂഹത അന്വഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ പ്രക്ഷോഭം തുടങ്ങി. ഇടക്കുന്നം ക്ഷേത്ര ജംഗ്ഷനിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ കൂട്ടായ്മ നടന്നു. പ്രതിഷേധ കൂട്ടായ്മ ജില്ലാ പഞ്ചായത്തംഗം വിശ്വൻ പടനിലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എൻ. ചന്ദ്രൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം നളിനി ദേവദാസ്, പഞ്ചായത്തംഗങ്ങളായ സോബി, പ്രദീപ്, കൺവീനർ ഷാൽ വിസ്മയ, വി.വിനോദ്, കെ.പത്മാധരൻ , പി.പി.രാജേന്ദ്രൻ , പി.സുരേന്ദ്രൻ , ബാബു നന്ദനം, സുകു ഗോകുലം തുടങ്ങിയവർ സംസാരിച്ചു .

ഈ മാസം 9 ന് രാവിലെയാണ് അവിവാഹിതനായ വിമലനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മാതാവ് ദേവയാനിയും വിമലനും മാത്രമാണ് വീട്ടിൽ താമസം. ദേവയാനി രാത്രിയിൽ അടുത്തുള്ള ബന്ധുവീട്ടിൽ കൂട്ടുകിടക്കാൻ പോകുന്നത് പതിവാണ്. സംഭവ ദിവസം രാവിലെ വീട്ടിലെത്തുമ്പോളാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.സംഭവത്തിന് തലേ ദിവസം വീടിന് സമീപം വച്ച് വിമലന് മർദ്ദനമേറ്റതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു.