ചേർത്തല: പള്ളിപ്പുറം പഞ്ചായത്തിലെ സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ 38 അന്യസംസ്ഥാന തൊഴിലാളികൾക്കടക്കം 42 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ചേർത്തല താലൂക്ക് വീണ്ടും കൊവിഡ് ആശങ്കയിൽ.ഏഴാംവാർഡിൽ വാർഡിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ വെള്ളിയാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിലാണ് 42 പേർക്ക് പോസിറ്റീവായത്. കമ്പനി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.100 പേരുള്ള സ്ഥാപനത്തിൽ എല്ലാവർക്കും ആന്റിജൻ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പോസിറ്റീവ് റിപ്പോർട്ട് ചെയ്തവരെ പ്രത്യേകം നിരീക്ഷണത്തിലാക്കി.
മലയാളികളായ നാലുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥീരികരിച്ചവർക്ക് പ്രത്യേകം താമസസൗകര്യം പഞ്ചായത്ത് ഒരുക്കി. പരിശോധനയിൽ നെഗറ്റീവായവരെ വീണ്ടും പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പള്ളിപ്പുറം പഞ്ചായത്തിൽ നിലവിൽ 62 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ നിരക്ക് കുറഞ്ഞുവന്നിരുന്ന കടക്കരപ്പള്ളി,ചേർത്തലതെക്ക് പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം കൂടി.കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ചേർത്തല തെക്കിൽ 11 പേർക്കും രോഗം കണ്ടെത്തി.