t

ആലപ്പുഴ: കുടുംബശ്രീയുടെ ഇ- ചന്തകൾ കൊവിഡ് കാലത്തും തകർത്തോടുന്നു. കുടുംബശ്രീ കൃഷി സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ പ്രതിസന്ധികൾക്കിടയിലും വിപണിയിലെത്തിച്ചാണ് ഓണക്കാലത്തെ ഇ - ചന്തകൾ മികച്ച വരുമാനം നേടിയത്.

ജില്ലാ കുടുംബശ്രീ മിഷൻ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തുണ്ട്. കൊവിഡ് മൂലമാണ് നാട്ടുചന്തകൾ ഇ - ചന്തയായി മാറിയത്. ജില്ലയിൽ നഗരസഭാ പരിധികളിൽ ഉൾപ്പെടെ 80 സി.ഡി.എസുകളുണ്ട്. അതിൽ 38 സി.ഡി.എസുകൾ ഇത്തവണ ഓണച്ചന്തകൾ നടത്തി. ഇതിലൂടെ 78 ലക്ഷം രൂപയുടെ വില്പനയാണ് ഉണ്ടായത്. 2019ൽ 77 സി.ഡി.എസുകൾ ഓണച്ചന്ത നടത്തിയിരുന്നു. 90 ലക്ഷം രൂപയുടെ വില്പനയാണ് നടന്നത്. ജൈവ മാതൃകയിൽ കൃഷി ചെയ്യുന്നതിനാൽ ആവശ്യക്കാരും ഏറെയായിരുന്നു. പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പ്രവർത്തനം. സ്ഥലം കണ്ടെത്താനും ആവശ്യമായ ക്രമീകരണങ്ങൾ നടത്താനും കുടുംബശ്രീയിൽ നിന്ന് ഓരോ പഞ്ചായത്തിനും 12,000 രൂപ വീതവും നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രവർത്തനമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രശാന്ത് ബാബു പറഞ്ഞു. പല സി.ഡി.എസ് പരിധികളിലും കണ്ടെയിൻമെന്റ് സോണുകളിൽപ്പെട്ടതോടെയാണ് ഇ-ഓണച്ചന്ത എന്ന ആശയത്തിലേക്കെത്തിയത്.

ഓരോ സി.ഡി എസുകളുടെയും നേതൃത്വത്തിൽ ശേഖരിച്ച പച്ചക്കറികൾ വീടുകളിലോ വാർഡുകളിലോ എത്തിച്ചുനൽകുന്ന തരത്തിലായിരുന്നു പ്രവർത്തനം. അതത് വാർഡുകൾ കേന്ദ്രീകരിച്ച് വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചിരുന്നു. പച്ചക്കറികൾ വേണ്ടവർക്ക് ആവശ്യപ്പെടുന്ന പ്രകാരം വീടുകളിൽ എത്തിച്ചുനൽകും. എല്ലാ വർഷവും ഓണക്കാലത്ത് രണ്ട് മുതൽ നാല് ദിവസം വരെ മേള നീണ്ടുനിന്നിരുന്നു. അതത് പ്രദേശത്തെ കുടുംബശ്രീ ഉത്പന്നങ്ങൾ, പച്ചക്കറികൾ എന്നിവയാണ് ഉൾപ്പെടുത്തുന്നത്.

.....................................

 തിളങ്ങി മാരാരിക്കുളം വടക്ക്

ജില്ലയിൽ മികച്ച നേട്ടം കൈവരിച്ചത് മാരാരിക്കുളം വടക്ക് സി.ഡി.എസായിരുന്നു. 10,26,000 രൂപയുടെ വില്പനയാണ് നടന്നത്. കഞ്ഞിക്കുഴിയിൽ ഏഴ് ലക്ഷവും പുന്നപ്ര വടക്ക് 6,40,000 രൂപയുടെയും വില്പന നടന്നു. 100 അംഗങ്ങൾ ചേർന്നുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പും ആരംഭിച്ചു.

..........................................

മൂന്ന് ദിവസമായിരുന്നു പ്രവർത്തനം. ഓൺലൈൻ ഓർഡറുകളാണ് ഇക്കുറി കൂടുതലായി ഉണ്ടായിരുന്നത്

സുകന്യ സജിമോൻ (സി.ഡി.എസ് ചെയർപേഴ്‌സൺ, മാരാരിക്കുളം)

......................................

കൊവിഡ് കാലമായതിനാൽ ഏറെ പ്രതിസന്ധികളുണ്ടായിരുന്നു. മികച്ച ഉത്പാദനശേഷിയുള്ള പച്ചക്കറിത്തൈകളായിരുന്നു 18 വാർഡുകളിലും നൽകിയിരുന്നത്. വെള്ളപ്പൊക്കത്തിൽ ചിലത് നഷ്ടപ്പെട്ടെങ്കിലും വലിയ വീഴ്ച നേരിടേണ്ടിവന്നില്ല. കണ്ടെയിൻമെന്റ് സോണുകളിലെ വില്പന സാദ്ധ്യമായിരുന്നില്ല

ബിജി അനിൽ (സി.ഡി.എസ് ചെയർപേഴ്‌സൺ, കഞ്ഞിക്കുഴി)