photo

ആലപ്പുഴ: ഗുണനിലവാരമുള്ള മത്സ്യം ന്യായ വിലയിൽ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. മത്സ്യഫെഡിന്റെ കളർകോട്ടെ ഫിഷ് മാർട്ട് ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത്സ്യഫെഡിന്റെ 'തീരത്തു നിന്ന് വിപണിയിലേക്ക് ' പദ്ധതിയുടെ ഭാഗമായി, മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം നേരിട്ട് അവരിൽനിന്ന് സംഭരിച്ച് ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് വേണ്ടി ജില്ലയിലെ നാലാമത്തെ ഫിഷ് മാർട്ടാണ് കളർകോട് ഗാന്ധി ജംഗ്ഷനു സമീപം ആരംഭിച്ചത്. ജില്ലയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി സംഭരിക്കുന്ന മത്സ്യം ഈ മത്സ്യസംഭരണ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ഇവിടെ നിന്നും വൃത്തിയാക്കിയ മത്സ്യം കൃത്യമായ അളവിൽ ഗുണമേന്മ നഷ്ടപ്പെടാതെ വിപണനം നടത്തുകയും ചെയ്യും. പച്ച മത്സ്യത്തിന് പുറമെ മത്സ്യ അച്ചാറുകൾ, മത്സ്യ കട്‌ലറ്റ്, റെഡി ടു ഈറ്റ് (ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തിപ്പൊടി), മത്സ്യ കറിക്കൂട്ടുകൾ, കയ്‌റ്റോൺ ഗുളികകൾ തുടങ്ങിയവയും ഈ മത്സ്യ മാർട്ട് വഴി ലഭ്യമാവും. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് മത്സ്യ മാർട്ടിന്റെ പ്രവർത്തന സമയം.

മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ജേക്കബ് ജോണിന് മത്സ്യം കൈമാറി നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ആദ്യ വില്പന നടത്തി. മത്സ്യഫെഡ് ജില്ലാ മാനേജർ കെ.സജീവൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.