ആലപ്പുഴ: അദ്ധ്യാപകരെ നേരി​ൽ കാണുന്നി​ല്ല, അതുകൊണ്ടുതന്നെ പഴയ പോലെ അത്രയ്ക്കങ്ങ് പേടി​യി​ല്ല. രാവി​ലെ അച്ഛനമ്മമ്മമാർജോലി​ക്ക് പോയാൽ പി​ന്നെ സർവതന്ത്ര സ്വതന്ത്രർ. മൊബൈൽ, കംപ്യൂട്ടർ എന്നി​വയി​ലേതെങ്കി​ലും ആവശ്യം പോലെ ഉപയോഗി​ക്കാം. പുതി​യ സാഹചര്യത്തി​ൽ നമ്മുടെ കുട്ടി​കൾ ഇത്തരമൊരു ജീവി​തചര്യയി​ലേയ്ക്ക് മാറി​യി​രി​ക്കുകയാണോ?

സാമാന്യം വലി​യ വി​ഭാഗം കുട്ടി​കളും പുതി​യ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ഥി​തി​ വി​ശേഷമുണ്ടെന്നാണ് കൗൺ​സി​ലർമാരും അദ്ധ്യാപകരും പറയുന്നത്.

മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗത്തിന് ഒൗദ്യോഗി​കമായി​ തന്നെ സർവ സ്വാതന്ത്ര്യവും ലഭിച്ച അവസ്ഥയി​ലാണ് കുരുന്നുകൾ. ഇതോടെ കുട്ടികൾക്കിടയിൽ ഇന്റർനെറ്റ് ദുരുപയോഗം വ്യാപകമാകുന്നുവെന്നാണ് വി​വരം.

ലൈവ് ക്ലാസ്, വാട്‌സാപ് ക്ലാസ്, ഓൺലൈൻ ഹോംവർക്ക് സമർപ്പണം തുടങ്ങി പഠന സംബന്ധമായ പലകാര്യങ്ങൾക്കും സ്മാർട് ഫോൺ ഒഴി​വാക്കാനാകാത്ത സ്ഥി​തി​യാണ്.

പഠനാവശ്യത്തിനായി​ കുട്ടികൾക്ക് സ്വന്തമായി​ ഫോൺ വാങ്ങി നൽകിയവരുമുണ്ട്. എന്നാൽ പഠിക്കുകയാണെന്ന് കരുതി മാതാപിതാക്കളുടെ കണ്ണൊന്നു തെറ്റിയാൽ പിന്നീട് ഓൺലൈൻ ഗെയിമിലേക്കും ചാറ്റുകളിലേക്കും അശ്ലീല സൈറ്റുകളിലേക്കും കുട്ടികളുടെ ശ്രദ്ധ തിരിയുന്നു. ഇത്തരത്തിൽ നിരവധി പ്രശ്‌നങ്ങൾക്കാണ് ദിവസേന സൈക്കോളജിസ്റ്റുകളും അദ്ധ്യാപകരും പരിഹാരം കണ്ടെത്തി നൽകുന്നത്. അദ്ധ്യാപകരെ നേരിൽ കാണുന്നില്ല എന്നതുകൊണ്ട് തന്നെ 'ക്ലാസു'കളിൽ കുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ കഴിയാതെ പോകുന്നു. മാതാപിതാക്കൾ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഫോൺ, ലാപ്‌ടോപ്, കംപ്യൂട്ടർ എന്നിവയിലേതെങ്കിലും പഠനത്തിനായി കൈക്കലാക്കും. പിന്നീട് പഠനം ഇന്റർനെറ്റിലാകും. നൂറിൽ പത്ത് ശതമാനം കുട്ടികൾ മാത്രമാണ് പഠനത്തിനായി ഓൺലൈൻ ക്ലാസുകൾ പ്രയോജനപ്പെടുത്തുന്നത്. ബാക്കിയുള്ളവർ ക്ലാസിനിടയിലും അത് വകവയ്ക്കാതെ ഗ്രൂപ്പ് ചാറ്റും, ഗെയിം കളികളുമായി സമയം ചെലവഴിക്കും. പത്ത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിലാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നതത്രെ. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ഇതിലകപ്പെടുന്നു. മാതാപിതാക്കളുടെ ഇടപെടലിൽ പ്രശ്‌നം തീരാതെ വരുമ്പോഴാണ് പലപ്പോഴും അദ്ധ്യാപകരെ വിവരം അറിയിക്കേണ്ടി വരുന്നത്. അവിടുന്ന് അത് സൈക്കോളജിസ്റ്റുകളുടെ അടുത്ത് എത്തിച്ചേരുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിലുള്ള വാട്ട്‌സ്ആപ് ഗ്രൂപ്പുകൾക്കുപുറമെ സുഹൃത്തുക്കളുമായി ചേർന്ന് കുട്ടികൾ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നുണ്ട്. ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടോ എന്നറിയാൻ അദ്ധ്യാപകർ കുറിപ്പുകളും ചോദ്യങ്ങളുമെല്ലാം പങ്കുവയ്ക്കുന്നത് ഇതിലൂടെയായിരിക്കും. എന്നാൽ ഇതിന്റെ മറവിൽ മറ്റ് ചാറ്റുകളിൽ അകപ്പെട്ട് പഠനത്തിൽനിന്ന് ഒഴിവാകുന്ന രീതി​യുണ്ടെന്നും പറയുന്നു.


'സ്‌ക്രീൻ ടൈം' ഉയരുന്നു

പഠനവും ഉല്ലാസവുമെല്ലാം സ്‌ക്രീനുകളിലായതിനാൽ ലോക്ക് ഡൗൺ കാലത്തെ സ്‌ക്രീൻ ടൈം ഉയരുകയാണ്. പഠനം കംപ്യൂട്ടറുകളിലോ ലാപ്‌ടോപ്പിലോ ആയിരിക്കും. പഠനം കഴിഞ്ഞാൽ മൊബൈൽ ഫോണിൽ ഗെയിം കളി. അതുകഴിഞ്ഞാലും തീരുന്നില്ല. വിശ്രമം ടി.വി. സ്‌ക്രീനിൽ. ഇങ്ങനെ പോകുന്നു പുതിയ തലമുറയുടെ ജീവിത രീതി.


മാതാപിതാക്കളുടെ ശ്രദ്ധ പോംവഴി​

കുട്ടികളുടെ മൊബൈൽ, കംപ്യൂട്ടർ ഉപയോഗങ്ങളിൽ മാതാപിതാക്കളുടെ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് പൊലീസും സ്‌കൂൾ അധികൃതരും പറയുന്നു. മക്കൾ ഉപയോഗിക്കുന്ന പേജുകളെക്കുറിച്ച് മാതാപിതാക്കൾക്ക് വ്യക്തമായ ധാരണയുണ്ടാവണം. അതിന്റെ വശങ്ങളെക്കുറിച്ച് പഠിച്ച് മനസിലാക്കിയശേഷമേ ഫോൺ കുട്ടികൾക്ക് നൽകാവൂ. പഠന സമയം ഒഴികെ മറ്റുള്ള സമയങ്ങളിൽ കലാകായിക വിനോദങ്ങൾക്കായി മാറ്റിവയ്ക്കണം. പ്രൈമറി ക്ലാസുകളിലെ കുട്ടികൾ ക്ലാസുകളി​ൽ പങ്കെടുക്കുമ്പോൾ രക്ഷകർത്താക്കളിൽ ഒരാൾ നിർബന്ധമായും ഒപ്പമുണ്ടാകണം. അപരിചിത നമ്പരുകളിൽ നിന്നുള്ള ഫോൺ കോളുകൾ അനുവദിക്കരുത്.

ഡിജിറ്റൽ ഉത്തരവാദിത്വത്തെക്കുറിച്ചും ഇന്റർനെറ്റിന്റെ വിശാലമായ ലോകവുമായി എങ്ങനെ സംവദിക്കാമെന്നും കുട്ടികളെ ബോധവത്കരിക്കണം. ​

....................
ഇന്റർനെറ്റ് വലയി​ൽപ്പെട്ട് നിരവധി കേസുകൾ കൗൺസിലിംഗി​നായി എത്തുന്നുണ്ട്. ജോലിത്തിരക്കിൽ മാതാപിതാക്കൾക്ക് ശ്രദ്ധിക്കാൻ കഴിയാതെ പോകുന്നതാണ് പ്രധാന പ്രശ്‌നം. ഏത് തിരക്കിലും കുട്ടികൾക്ക് മേൽ ശ്രദ്ധയുണ്ടാകണം. പഠന സമയത്തിൽ നിയന്ത്രണമേർപ്പെടുത്തി മറ്റുള്ള സമയം മാതാപിതാക്കൾക്കൊപ്പം വീട്ടുകാര്യങ്ങളിലും ഇടപെടുന്ന രീതി​ വളർത്തി​യെടുക്കണം.

അഞ്ജുലക്ഷ്മി , കൗൺസിലിംഗ് സൈക്കോളജിസ്റ്റ്)

....
എല്ലാ കുട്ടികളും ഒരേ സ്വഭാവമുള്ളവരാകണം എന്നില്ല. ചെറിയ കുട്ടികൾപോലും മാതാപിതാക്കളോട് കയർക്കുന്ന സ്ഥി​തി ഇപ്പോഴുണ്ട്. സ്‌കൂൾ തുറന്നാൽ പോലും കുട്ടികളിൽ ഈ സ്വഭാവ വൈകല്യം നിലനിൽക്കും. എല്ലാം ഓൺലൈനാകുമ്പോൾ സ്വഭാവരീതി​കൾ വി​കലമായി​ പോകാതെ ശ്രദ്ധി​ക്കണം.

അദ്ധ്യാപകർ