chiri

ആലപ്പുഴ: കുട്ടികളിലെ മാനസികസമ്മർദ്ദം ലഘൂകരിക്കുന്നതിനായി പൊലീസ് ആരംഭിച്ച 'ചിരി' ടെലികൗൺസിലിംഗ് പദ്ധതി ആശ്വാസമാകുന്നു. തുറന്നുപറയാനാവാത്ത പ്രശ്നങ്ങൾ മനസിലൊതുക്കി വിഷമിക്കുന്ന പതിനായിരക്കണക്കിന് കുട്ടികളാണ് ചിരി നമ്പറിലേക്ക് സഹായം തേടി വിളിച്ചത്.

കുട്ടികൾ മാത്രമല്ല അദ്ധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കുന്നുണ്ട്. ഓൺലൈൻ പഠനത്തിൻറ്റെ ബുദ്ധിമുട്ടുകൾ, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിൻറ്റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികൾ ചിരിയുടെ കോൾ സെൻറ്ററുമായി പങ്ക് വയ്ക്കുന്നത്. മൊബൈൽ ഫോണിൻറ്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാ ഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളിൽ അധികവും. ഗുരുതരമായ മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവർക്ക് ചിരി കോൾസെൻറ്ററിൽ നിന്ന് അടിയന്തരമായി പരിചയ സമ്പന്നരായ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.

മാനസികപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് അവരുടെ തന്നെ ടെലിഫോണിലൂടെ കൗൺസലിംഗും നൽകുന്നുണ്ട്. മുതിർന്ന സ്റ്റുഡൻറ്റ് പൊലീസ് കേഡറ്റുകൾ, ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയിൽ അംഗങ്ങളായ കുട്ടികൾ എന്നിവരിൽ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളണ്ടിയർമാർ. സേവന തല്‍പരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധർ, മന:ശാസ്ത്രജ്ഞർ, അദ്ധ്യാപകർ എന്നിവരുൾപ്പെടുന്ന വിദഗ്ദ്ധസമിതി ഇവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ഐ.ജി പി.വിജയനാണ് പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസർ. ആലപ്പുഴയിൽ ജില്ലാ അഡീഷണൽ എസ്.പി എൻ.രാജനാണ് പദ്ധതിയുടെ ചുമതല. ഡി.സി.ആർ.ബി ഡിവൈ.എസ്.പി എസ്.വിദ്യാധരൻ നോഡൽ ഓഫീസറും, കെ.വി.ജയചന്ദ്രൻ അഡീഷണൽ നോഡൽ ഓഫീസറുമാണ്.

 ചിരി ഹെൽപ്പ് ലൈൻ നമ്പർ: 9497900200

 ആലപ്പുഴയിൽ ചിരി പദ്ധതിയിലേക്ക് വിളിച്ചവർ: 170

ചിരി ജില്ലാ ടീം

ഒരു സൈക്കോളജിസ്റ്റ്, രണ്ട് സൈക്കാട്രിസ്റ്റ്, ഏഴ് അദ്ധ്യാപകർ, 15 കുട്ടികൾ എന്നിവരുൾപ്പെടുന്നതാണ് ജില്ലാ ചിരി ടീം.

ഓൺലൈൻ ക്ലാസിലെ ബുദ്ധിമുട്ടുകളും, വീട്ടിലെ പ്രശ്നങ്ങളും പങ്കുവച്ചുള്ള കോളുകളാണ് ജില്ലയിൽ അധികമായി എത്തുന്നത്. കുട്ടികൾക്ക് മാത്രമല്ല, അവരുടെ പ്രശ്നങ്ങൾ മറ്റുള്ളവർക്കും വിളിച്ച് അറിയിക്കാവുന്നതാണ്. പൊലീസ് ഇടപെടേണ്ട കേസാണെങ്കിൽ ഉടൻ തന്നെ നടപടി സ്വീകരിക്കും. മികച്ച മാനസികാരോഗ്യവിദഗ്ദ്ധരുടെ സേവനവും ലഭ്യമാണ്

കെ.വി.ജയചന്ദ്രൻ, അസി.നോഡൽ ഓഫീസർ