ആലപ്പുഴ: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് മഹാസമാധി ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്ന് ആചരിക്കും. എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര, ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കുട്ടനാട് സൗത്ത്, കാർത്തികപ്പള്ളി, ചേപ്പാട്, കായംകുളം, മാവേലിക്കര ടി.കെ.മാധവൻ സ്മാരക യൂണിയൻ, മാന്നാർ, ചാരൂംമൂട്, ചെങ്ങന്നൂർ യൂണിയനുകളിലെ ശാഖായോഗങ്ങൾ, വിവിധ സംഘടനകൾ, ഗുരുധർമ്മ പ്രചാരണ സഭ എന്നിവയുടെ നേതൃത്വത്തിൽ ശാന്തിഹവനം, ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുഭാഗവത പാരായണം, കഞ്ഞിവീഴ്ത്തൽ, മഹാസമാധി പ്രാർത്ഥന എന്നിവ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
അമ്പലപ്പുഴ യൂണിയനിൽ ആൾക്കൂട്ടം ഒഴിവാക്കി ഗുരുപ്രാർത്ഥന, പുഷ്പാർച്ചന, ദീപക്കാഴ്ച എന്നീ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ രാവിലെ 9ന് പുഷ്പാർച്ചനയ്ക്ക് ശേഷം താലൂക്ക് വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥനയും ഗുരുഭാഗവത പാരായണവും നടക്കും. ശാഖായോഗാങ്കണത്തിലും എല്ലാ ഭവനങ്ങളിലും കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് രാവിലെ ഗുരുപ്രാർത്ഥന നടക്കും. വൈകിട്ട് എല്ലാ ശാഖാആസ്ഥാനങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും ശാഖായോഗത്തിന്റെയും വനിതാസംഘത്തിന്റെയും നേതൃത്വത്തിൽ 50ൽ കവിയാത്ത നിലവിളക്കുകൾ തെളിച്ച് ദീപക്കാഴ്ചയും പ്രാർത്ഥനയും നടത്തും. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, അന്നദാനം, മൗനജാഥ എന്നിവ ഒഴിവാക്കിയതെന്ന് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.