photo

ചേർത്തല:കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിൽ മത്സ്യ, മ്യഗസംരക്ഷണ മേഖലയിലെ സമഗ്ര പദ്ധതിക്ക് തുടക്കമായി.മൃഗസംരക്ഷണ മേഖലയിൽ സമഗ്ര എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം സഹകരണ വകുപ്പ് ചേർത്തല അസിസ്​റ്റന്റ് രജിസ്ട്രാർ കെ. ദീപു നിർവഹിച്ചു. എസ്.രാധാകൃഷ്ണൻ വായ്പാ വിതരണം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷനായി.

ഉറവ കാർഷിക ഗ്രൂപ്പിന്റെ മത്സ്യം വളർത്തൽ പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്.പ്ലാസ്​റ്റിക്ക് പടുത ഉപയോഗിച്ച് നിർമ്മിച്ച ടാങ്കിലാണ് മത്സ്യം വളർത്തുന്നത്. ചിത്രലാട ഇനത്തിൽ പെട്ട തിലോപ്പിയയാണ് നിക്ഷേപിച്ചിട്ടുള്ളത്.ബാങ്ക് വിളയടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ രൂപീകരിച്ച് മിതമായ പലിശ നിരക്കിൽ ലളിതമായ തവണ വ്യവസ്ഥയിൽ അഞ്ചു ലക്ഷം രൂപ വരെ വായ്പകൾ നൽകുന്നതോടൊപ്പം ഉത്പന്ന വിപണനത്തിനും അടിസ്ഥാന അറിവുകൾ പകർന്നു നൽകാനും പ്രാമുഖ്യം നൽകുന്ന വിധമാണ് സമഗ്രകാർഷിക പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

പാൽ ഉത്പാദനം ലക്ഷ്യമിട്ട് പശു, ആടു വളർത്തൽ ഗ്രൂപ്പുകൾ, മുട്ട ഉത്പാദനത്തിനായി കോഴി കർഷക ഗ്രൂപ്പുകൾ, മത്സ്യം ഉൽപ്പാദനം ലക്ഷ്യമിട്ട് പുരയിടത്തിൽ വളർത്താൻ കഴിയുന്ന വിധമുള്ള ബയോ ഫ്‌ളോക്കൽ, പോത്ത്, മുട്ടനാട്, പൂവൻകോഴി എന്നിവ വളർത്തുന്നതിന്നും സഹായങ്ങൾ ഈ വായ്പ പദ്ധതിയിലൂടെ ലഭിക്കും.