ആലപ്പുഴ: കൊവിഡ് വ്യാപനത്തിൽ മുൻപന്തിയിൽ തുടരുന്ന ആലപ്പുഴയിൽ രോഗ ബാധിതരുടെ എണ്ണം 10,000 കവിഞ്ഞു. സെപ്തംബർ ആരംഭത്തിൽ 5781 പേർക്കായിരുന്നു ജില്ലയിൽ ആകെ രോഗബാധ. 10 ദിവസം പിന്നിട്ടപ്പോൾ അത് 7287 ആയി. 21 ആയപ്പോൾ ആകെ രോഗികളുടെ എണ്ണം 10,010 ആയി. ഇതിൽ 8174 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നത് ജില്ലയിലെ രോഗ വ്യാപനത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. ആകെ രോഗികളുടെ 81 ശതമാനവും സമ്പർക്കം മൂലമാണ്. ഇന്നലെ 112 പേരാണ് ജില്ലയിലെ പ്രതിദിന രോഗികൾ. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെങ്കിലും സമ്പർക്കത്തിന്റെ തോത് കുറയുന്നില്ല. 112ൽ 104 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ആകെ രോഗികളുടെ 93 ശതമാനം. രോഗികളേക്കാളേറെ രോഗമുക്തരുള്ള ദിവസമായിരുന്നു തിങ്കളാഴ്ച. 234 പേർ രോഗമുക്തരായി. സമ്പർക്ക രോഗികൾക്ക് പുറമേ രണ്ടുപേർ വിദേശത്തുനിന്നും ആറുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. എരമല്ലിക്കര, പാണ്ടനാട്, ചെങ്ങന്നൂർ, മുളക്കുഴ, തണ്ണീർമുക്കം സ്വദേശികളാണ് പുറത്തുനിന്ന് എത്തിയത്. ദിവസങ്ങൾക്ക് ശേഷം പാണാവള്ളിയിൽ രോഗികളുടെ എണ്ണം വർദ്ധിച്ചു. 22 പേർക്കാണ് തിങ്കളാഴ്ച രോഗം ബാധിച്ചത്. ആലപ്പുഴ നഗരത്തിലും സ്ഥിതി വ്യത്യാസമില്ലാതെ തുടരുന്നു. 15 പുതിയ രോഗികളുണ്ട്. ഞായറാഴ്ച 18 രോഗികളുണ്ടായിരുന്ന ചേർത്തല തെക്ക് തിങ്കളാഴ്ച നാലുപേർക്ക് മാത്രമാണ് രോഗം വന്നത്.
കായംകുളത്ത് രോഗികൾ കുറഞ്ഞതും ആശ്വാസമാണ്. നാലുപേർക്കാണ് തിങ്കളാഴ്ച രോഗമുണ്ടായിരുന്നത്. ഞായറാഴ്ച 21 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പത്തിയൂർ, കഞ്ഞിക്കുഴി, മാവേലിക്കര, പുറക്കാട് എന്നിവിടങ്ങളിലും രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. എരമല്ലിക്കരയിൽ ഏഴും അരൂക്കുറ്റിയിൽ ആറും പുതിയ രോഗികളുണ്ട്. ആകെ 7314 പേർ രോഗമുക്തരായി. 2684 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.