അമ്പലപ്പുഴ :കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവിനെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ തോട്ടപ്പള്ളി പുതുവൽ വീട്ടിൽ രാജു-സുജാത ദമ്പതികളുടെ മകൻ ആകാശ് രാജ്(അപ്പു-20) ആണ് മരിച്ചത്. ഡൽഹിയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന അപ്പു നാട്ടിൽ എത്തിയ ശേഷം കഴിഞ്ഞ 13ദിവസമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
ഇതേത്തുടർന്ന് അമ്മ സുജാതയും സഹോദരിമാരും സമീപത്തെ മറ്റൊരു വീട്ടിലേക്ക് താമസം മാറി. പതിവുപോലെ രാവിലെ 10 മണിയോടെ ഇളയ സഹോദരി അർത്ഥന അപ്പുവിന് പ്രഭാതഭക്ഷണവുമായി എത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. വിളിച്ചിട്ട് വാതിൽ തുറക്കാത്തതിനെതുടർന്ന് അമ്മ സുജാതയെ വിവരം അറിയിച്ചു. സുജാതയെത്തി വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ സമീപവാസികൾ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ അപ്പുവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയെങ്കിലും പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്താത്തതിനാൽ വൈകിട്ട് നാലരയ്ക്ക് ശേഷമാണ് മൃതദേഹം വീട്ടിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. നിരീക്ഷണ കാലയളവ് കഴിയുമ്പോൾ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയും അപ്പുവിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആരാധനയാണ് അപ്പുവിന്റെ മറ്റൊരു സഹോദരി.