എടത്വ: കനത്തമഴയെ തുടർന്ന് അപ്പർ കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളക്കെട്ടിലായി. നിരണം, കടപ്ര, മുട്ടാർ, തലവടി, വീയപുരം, എടത്വ, തകഴി, ആയാപറമ്പ്, കാരിച്ചാൽ, പാണ്ടി പ്രദേശങ്ങളാണ് മുങ്ങിയത്.
മൂന്ന് ദിവസമായി പെയ്യുന്ന കനത്തമഴയും കിഴക്കൻ വെള്ളത്തിന്റെ വരവും അപ്പർകുട്ടനാട്ടിൽ വീണ്ടുമൊരു വെള്ളപ്പൊക്കത്തിന് സാദ്ധ്യത വർദ്ധിപ്പിച്ചു. പമ്പാനദിയിലും അച്ചകോവിലാറ്റിലും ജലനിരപ്പ് ഉയർന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ ഡാമുകൾ തുറക്കാൻ സാദ്ധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളും ഗ്രാമീണ റോഡുകളും വെള്ളത്തിലായി. ഒരുമാസത്തിന് മുൻപ് സമാന സാഹചര്യത്തിൽ കുട്ടനാട്ടിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഗതാഗതം സ്തംഭിക്കുകയും താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.
മൂന്ന് ദിവസം കൂടി മഴ കനക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുമ്പോൾ 2019ലെ വെള്ളപ്പൊക്കം ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ഇന്നലെ രാവിലെ മഴ അല്പം ശമിച്ചെങ്കിലും വൈകിട്ടോടെ കനത്തമഴയും കാറ്റും വീണ്ടുമെത്തി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിയുന്നവരാണ് ആശങ്കകളോടെ രാത്രി തള്ളിനീക്കുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ എടത്വ പാണ്ടങ്കരി പ്രദേശത്തെ തുരുത്തിൽ താമസിച്ച വൃദ്ധമാതാപിതാക്കളേയും രണ്ട് കുട്ടികളേയും ഏറെ പണിപ്പെട്ടാണ് പോലീസുകർ കരയ്‌ക്കെത്തിച്ചത്. വെള്ളപ്പൊക്കം രൂക്ഷമായാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ മാറ്റി താമസിപ്പിക്കാനും, ക്യാമ്പുകൾ തുറക്കാനും ഏറെ പണിപ്പെടേണ്ടി വരും. തകഴി, എടത്വ, തലവടി പ്രദേശങ്ങളിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നതിനാൽ ക്യാമ്പുകളിൽ കഴിയാനും പലരും താല്പര്യപ്പെടുന്നില്ല.