s

ആലപ്പുഴ: നാട്ടിൻപുറങ്ങളിലെ പ്രധാന വരുമാന മാർഗമായിരുന്ന അടയ്ക്ക (പാക്ക്) വ്യാപാരം ഓർമയാകുന്നു. ആലപ്പുഴ ഉൾപ്പടെ തെക്കൻ ജില്ലകളിൽ കമുകിന് രോഗബാധയുണ്ടാവുന്നതാണ് ഇവിടുത്തെ അടയ്ക്കയ്ക്ക് ഡിമാൻഡ് കുറയാൻ കാരണം. കൊവിഡ് മൂലം അടയ്ക്ക ഇറക്കുമതി കേന്ദ്രം നിയന്ത്രിച്ചതിനാൽ വടക്കൻ ജില്ലകളിലെ അടയ്ക്കയ്ക്ക് വിലവർദ്ധിച്ചിട്ടുണ്ട്.

കേരളത്തിൽ മുറുക്കാൻ ഉപയോഗത്തിനായാണ് പാക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. പുതുതലമുറ വെറ്റില മുറുക്കിലേക്ക് കാര്യമായി ആകർഷിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഇന്നും പഴമക്കാരാണ് അടയ്ക്കയുടെ പ്രധാന ഉപഭോക്താക്കൾ. നിജാം പാക്ക് പോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനാണ് കേരളത്തിൽ നിന്നും പാക്ക് കൊണ്ടുപോകുന്നത്ത്. തമിഴ്നാട്, കർണാടക എന്നിവടങ്ങളിലെ ലൈസൻസികൾ കേരളത്തിൽ നിന്ന് ശേഖരിക്കുന്ന അടയ്ക്ക ഉത്തരേന്ത്യയിലേക്ക് കയറ്റി അയക്കുകയാണ് പതിവ്. കേരളത്തിലെയും കർണാടകത്തിലെയും അടക്കയ്ക്ക് ഗുണമേന്മ കൂടുതലാണ്. പാൻമസാലയ്ക്ക് നിരോധനമുണ്ടെങ്കിലും അടയ്ക്ക ചേർത്തുള്ള വെറ്റില മുറുക്ക് ഉത്തരേന്ത്യക്കാർക്ക് ശീലമാണ്. കേരളത്തിലിപ്പോൾ അടയ്ക്കയുടെ സീസണാണ്. എന്നാൽ മഴ വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ നിന്ന് ലോഡ് കണക്കിന് അടയ്ക്ക ശേഖരിക്കുമ്പോൾ, രോഗബാധയുടെ പേരിൽ തെക്കൻ ജില്ലകളിലെ അടയ്ക്ക വ്യാപാരം പ്രതിസന്ധിയിലാണ്. ധാരാളം കമുക് കൃഷി നടക്കുന്ന സ്ഥലങ്ങളിൽ വിളവെടുപ്പ് എളുപ്പമാണ്. ഒരു വൃക്ഷത്തിൽ നിന്ന് അടുത്തതിലേക്ക് ചാഞ്ഞ് കയറാം. എന്നാൽ തെക്കൻ ജില്ലകളിൽ ഇതല്ല സ്ഥിതി. ഓരോ വൃക്ഷത്തിലും കയറി ഇറങ്ങുന്ന കൂലി കണക്കു കൂട്ടിയാൽ കർഷകർക്ക് നഷ്ടക്കണക്കാവും മിച്ചം.

ഓണാട്ടുകരയുടെ ഓ‌‌ർമ്മയിൽ

ഓണാട്ടുകര ഭാഗത്തെ കുടുംബങ്ങൾക്ക് ഒരുകാലത്ത് പ്രധാന വരുമാന മാർഗമായിരുന്നു അടയ്ക്ക കൃഷി. കമുകിന്റെ ഉപ ഉത്പന്നങ്ങൾക്കും ആവശ്യക്കാരേറെയായിരുന്നു. നവജാതശിശുക്കളെ കുളിപ്പിക്കാനുപയോഗിക്കുന്ന പാള മുതൽ, അടുക്കള ആവശ്യത്തിനുള്ള മുറം നിർമ്മിക്കുന്നതിന് വരെ കമുക് ആവശ്യമായിരുന്നു. ഇന്ന് ആ ശീലങ്ങളെല്ലാം നഷ്ടമായി. ഹൈന്ദവ ചടങ്ങുകളിൽ ദക്ഷിണയ്ക്കായും അടയ്ക്ക ഉപയോഗിച്ച് വരുന്നു.

പാക്കിന് വിപണി വില - ഒരെണ്ണം 3 രൂപ

കൊട്ടടയ്ക്ക - കിലോഗ്രാമിന് 200 - 250 രൂപ

വടക്കൻ കേരളത്തിൽ കമുക് മാത്രം കൃഷി ചെയ്യുന്ന കർഷകരുണ്ട്. അവിടെ വൃക്ഷത്തിന് ആവശ്യത്തിന് പരിചരണം ലഭിക്കുന്നതിനാൽ രോഗബാധ കുറവാണ്. തെക്കൻ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. നാട്ടിൽ വെറ്റില മുറുക്കുന്നതിന് പ്രായമായവർ മാത്രമാണ് അടയ്ക്ക വാങ്ങുന്നത്. ബാക്കി മുഴുവൻ ഉത്തരേന്ത്യൻ പാക്ക് ഉത്പന്ന നിർമ്മാണത്തിനായി കോണ്ടുപോവുയാണ്.

- ഇസഹാക്ക് കണ്ണനാകുഴി, അടയ്ക്കാ വ്യാപാരി