പുതിയ ഇനം വിത്ത് പരീക്ഷിക്കണമെന്ന് ആവശ്യം
ആലപ്പുഴ:തുടർച്ചയായി കാലവർഷത്തിലുണ്ടായിട്ടുള്ള വ്യതിയാനം കുട്ടനാട്ടിലെ നെൽകൃഷിക്ക് വിനയാവും. വർഷകാലത്തെ വിളവെടുപ്പ് ഒഴിവാക്കും വിധം കൃഷിയിറക്കിയാലേ ഭാവിയിൽ നെൽകൃഷി ആദായകരമാവൂ എന്ന് വിദഗ്ദ്ധർ.
2018- ലെ മഹാപ്രളയം മുതലാണ് കാലവർഷത്തിന് വ്യതിയാനം വന്നിട്ടുള്ളത്. മുമ്പ് ജൂൺ, ജൂലായ് മാസങ്ങളിൽ എത്തിയിരുന്ന കാലവർഷം ഇപ്പോഴെത്തുന്നത് ആഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിൽ. നെല്ല് കതിരിടുന്ന സമയത്ത് മഴപെയ്താൽ പതിര് കൂടും.വിളവെടുപ്പ് സമയത്ത് മഴയാണെങ്കിൽ നെല്ല് വീഴാനും സാദ്ധ്യതയുണ്ട്. 2019-ലും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. കൃഷിയുടെ ആരംഭഘട്ടത്തിൽ മഴ കിട്ടുന്നതാണ് ഏറ്റവും ഉത്തമം.ഇപ്പോഴത്തെ മഴയുടെ ക്രമം വച്ചു നോക്കുമ്പോൾ ഒറ്റകൃഷി മാത്രമുള്ള കരിനിലങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ വിളവെടുക്കാനാവും വിധം കൃഷിയിറക്കുന്നതാണ് ഗുണകരം. മാർച്ചിന് മുമ്പ് കൊയ്ത്ത് തീരും വിധം പുഞ്ചകൃഷിയും ക്രമപ്പെടുത്തണം.
പുതിയ ഇനം വിത്ത് വേണം
വിളവെത്താൻ 120 ദിവസം വരെ വേണ്ടിവരുന്ന ഉമ (എം.ഒ-16) ഇനം വിത്താണ് കുട്ടനാട്ടിൽ ഇപ്പോൾ വ്യാപകമായിട്ടുള്ളത്. എന്നാൽ രണ്ടാം കൃഷി കാലത്ത് ഇത് മൂപ്പെത്താൻ 140 ദിവസം വരെ വേണ്ടിവരും. മൂപ്പ് കുറഞ്ഞ ഇനം വിത്ത് ഉപയോഗിച്ചാൽ രണ്ടാംകൃഷി കൂടുതൽ ആദായകരമാക്കാം. എന്നാൽ പുതിയ വിത്തിനങ്ങൾ പരീക്ഷിക്കാൻ ബഹുഭൂരിപക്ഷം കുട്ടനാടൻ കർഷകരും തയ്യാറായിട്ടില്ല.
ഉപ്പുവെള്ളം കയറുന്നതും കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിന്ന് മണ്ണിൽ അംമ്ളാംശം വർദ്ധിക്കുന്നതും കൃഷിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. തണ്ണീർമുക്കം ബണ്ട് വഴിയും തോട്ടപ്പള്ളി സ്പിൽവെ, കായംകുളം പൊഴി തുടങ്ങിയ സ്ഥലങ്ങളിലൂടെയുമാണ് ഉപ്പുവെള്ളം കയറാറുള്ളത്. ഇങ്ങനെ വെള്ളം കയറാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കുന്നതും ഗുണകരമാവും.
പൗർണ്ണമി (എം.ഒ-23) പുതിയ വിത്ത്
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ 2017-ൽ വികസിപ്പിച്ചെടുത്ത ഇനമാണ് പൗർണ്ണമി (എം.ഒ.23).കുട്ടനാടിന് പുറമെ കൊല്ലം, കുമരകം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലും കർഷകർ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. താപത്തെ അതിജീവിക്കാൻ കെല്പുള്ള ഇനമായതിനാൽ രണ്ടാം കൃഷിക്ക് അത്യുത്തമം.
പ്രത്യേകതകൾ
*മദ്ധ്യകാല മൂപ്പ്-(115 മുതൽ 120 ദിവസം വരെ )
*മെച്ചപ്പെട്ട വിളവ്(ഹെക്റ്ററിൽ നിന്ന് 7000-7500 കിലോ വരെ)
*ചുവന്ന അരിയോടു കൂടിയ നെന്മണി നീണ്ടതും ദൃഢതയുള്ളതും
*പോള അവിച്ചിൽ, പോള ചീയൽ രോഗങ്ങളെ പ്രതിരോധിക്കും
*ഗാളീച്ച, മുഞ്ഞ തുടങ്ങിയ കീടങ്ങളെ പ്രതിരോധിക്കും
*കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കും.
ന്യൂനത
വിളവ് അടുക്കുമ്പോൾ ചായാനുള്ള പ്രവണത. പ്രത്യേകിച്ച് മഴക്കാലത്ത് വീണുപോകാനിടയുണ്ട്.
''കഴിഞ്ഞ മൂന്ന് വർഷങ്ങളായി മഴയെത്തുന്ന സമയത്തിന് മാറ്റമുണ്ട്.ഇതിന് അനുസരണമായി കൃഷിയിറക്കുന്നത് ക്രമപ്പെടുത്തുക. ഉപ്പുവെള്ള ഭീഷണി ഒഴിവാക്കുക.
ബി.ബി.സ്മിത(അസിസ്റ്റന്റ് ഡയറക്ടർ,സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റ് മങ്കൊമ്പ്)
''കുട്ടനാട്ടിൽ വ്യാപകമായിട്ടുള്ള ഉമയോളം തന്നെ വിളവുള്ള ഇനമാണ് പൗർണ്ണമി. ഉമയെ അപേക്ഷിച്ച് രുചിയും പാചകഗുണവും കൂടുതലുണ്ട്.കർഷകർക്കിടയിൽ പ്രചാരമേറുന്നുണ്ട്.
ഡോ.വന്ദന (പ്രൊഫ.ആൻഡ് ഡിപ്പാർട്ട്മെന്റ് ഹെഡ്, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം)