s

ആലപ്പുഴ: ജലഗതാഗതവകുപ്പിന്റെ ഈറ്റില്ലമായ ആലപ്പുഴയിൽ ഡോക്ക് യാർഡിനോട് ചേർന്ന് ഒരു അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിനായുള്ള കാത്തിരിപ്പിലാണ് ജീവനക്കാർ. വകുപ്പിന്റെ ബോട്ടുകളുടെ അറ്റകുറ്റ പണികൾക്ക് നേതൃത്വം നല്കുന്നത് ആലപ്പുഴയിലെ പോഞ്ഞിക്കരയിൽ സ്ഥിതിചെയ്യുന്ന ഡോക്ക് ആൻഡ് റിപ്പയ൪ വിഭാഗമാണ്. എൺപതിലധികം ജീവനക്കാരാണ് നിലവിൽ യാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ആലപ്പുഴയ്ക്ക് പുറമേ കൊല്ലം, കോട്ടയം ജില്ലകളിലെ ബോട്ടുകളും പോഞ്ഞിക്കരയിലെ യാർഡിലാണ് റിപ്പയർ ജോലികൾക്കായി എത്തിക്കാറുള്ളത്.

നിലവിൽ അറ്റകുറ്റപ്പണികൾക്കുള്ള യാർഡും, ഡ്രൈഡ‌ോക്കുമാണ് ഇവിടെയുള്ളത്. യാർഡിന് നടുവിലായി അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് കൊണ്ടുവരാനാണ് വകുപ്പ് സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചിരിക്കുന്നത്. പി.ഡബ്യൂ.ഡിക്കാണ് നിർമ്മാണ ചുമതല. ലോക്ക് ഡൗൺ നാളുകളിൽ ബോട്ട് സർവീസ് നിലയ്ക്കുകയും, വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്ന ഘട്ടത്തിൽ എല്ലാ ബോട്ടുകളുടെയും പോരായ്മകൾ പരിഹരിക്കുന്നതിനായി സദാ പ്രവർത്തനത്തിലായിരുന്നു യാർഡും ജീവനക്കാരും. ഓട്ടമില്ലാതെ കിടക്കുന്ന വേളയിൽ തകരാറുകൾ വിശദമായി കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും സമയം ലഭിച്ചതായി യാർഡിന്റെ ചുമതലയുള്ള മെക്കാനിക്കൽ എൻജിനീയർ പറഞ്ഞു. ഇളവുകൾ വന്നതോടെ ബോട്ടുകൾ ഓടിത്തുടങ്ങി. ഇതോടെ റണ്ണിംഗ് റിപ്പയറുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്.

............................

മൂന്ന് ജില്ലകളിലെ ബോട്ടുകളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മികച്ച രീതിയിലാണ് ഡോക്ക് യാ‌‌ർഡ് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ ഘട്ടത്തിൽ പോലും മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാർ തകരാറുകൾ പരിഹരിച്ചുകൊണ്ടിരുന്നു. യാർഡിന്റെ മുഖഛായക്ക് തന്നെ മാറ്റം വരുന്ന രീതിയിൽ ഒരു അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കാണ് ഇവിടെ വേണ്ടത്. ഇതിനുള്ള പ്രെപ്പോസൽ സമർപ്പിച്ചിട്ടുണ്ട്.

- ഷാജി വി.നായർ, ജലഗതാഗതവകുപ്പ് ഡയറക്ടർ

................................

ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിൽ സർവീസ് നടത്തുന്ന ബോട്ടുകളുടെ എണ്ണം - 27

..........

 ഡോക്ക് ആൻഡ് റിപ്പയർ വിഭാഗം

ഡോക്ക് ആ൯റ് റിപ്പയ൪ വിഭാഗത്തിന്റെ തലവൻ മെക്കാനിക്കൽ എൻജിനീയറാണ്. സാങ്കേതിക വിഷയങ്ങളിൽ പ്രാവീണ്യം നേടിയ 80 ലധികം ജീനക്കാരാണ് ജോലി ചെയ്യുന്നത്.

ഭരണകാര്യങ്ങളിൽ മെക്കാനിക്കൽ എൻജിനിയറെ സഹായിക്കുവാ൯ ഒരു വ൪ക്സ് മാനേജരുണ്ട്. തേവരയിലുള്ള ഡോക്ക് യാ൪ഡ് ഈ അസിസ്റ്റ൯റ് വ൪ക്സ് മാനേജരുടെ കീഴിലാണ്. ഇദ്ദേഹം എറണാകുളം മേഖലയിലെ ബോട്ടുകളുടെ റിപ്പയ൪ പണികളുടെ ചുമതല വഹിക്കുന്നു.