ആലപ്പുഴ: ചികിത്സയെ തുടർന്ന് കടക്കെണിയിലായ കാൻസർ രോഗി മുല്ലയ്ക്കൽ സ്വദേശി സന്തോഷ് കുമാറിന് കളക്ടറുടെ പരാതിപരിഹാര അദാലത്ത് തുണയായി.. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ധനസഹായം ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കുവാനും പെൻഷനുവേണ്ടി താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിക്കുവാനും കളക്ടർ സന്തോഷിനോട് നിർദ്ദേശിച്ചു. ഈ നടപടികൾ എത്രയും പെട്ടെന്ന് തീർപ്പാക്കാൻ തഹസിൽദാറെചുമതലപ്പെടുത്തി.
ചൊവ്വാഴ്ച കളക്ടറുടെ ചേംബറിൽ നടന്ന അദാലത്തിൽ ആകെ 40 പരാതികൾ ലഭിച്ചു. ഇതിൽ 25 പരാതികളും തീർപ്പാക്കി. ഈ മാസം 7 ന് നടന്ന അദാലത്തിൽ ബാക്കി വന്ന പരാതികളാണ് ഇന്നലെ പരിഗണിച്ചത്.
അപേക്ഷകർക്ക് അക്ഷയ സെന്ററിൽ ഹാജരായി ജില്ല കളക്ടറോട് നേരിട്ട് സംസാരിക്കാനും അവസരം ലഭിച്ചു.
കുടിവെള്ളം ലഭിക്കുന്നില്ല എന്ന പാലസ് വാർഡ് സ്വദേശി ത്രേസ്യയുടെ പരാതിയിൽ ഉടൻ പരിഹാരം കണ്ടെത്താനും കളക്ടർ നിർദ്ദേശിച്ചു. വെള്ളപ്പൊക്കത്തിൽ നശിച്ചു പോയ പൈപ്പ് ലൈൻ മാറ്റി കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നതായിരുന്നു ത്രേസ്യയുടെ പരാതി.
തീർപ്പാക്കാത്ത പരാതികളിൽ എത്രയും പെട്ടെന്ന് തീരുമാനം എടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ല കളക്ടർ എ.അലക്സാണ്ടർ നിർദ്ദേശം നൽകി.