ആലപ്പുഴ:മഴ വ്യാപകമായതോടെ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകാനുള്ള സാദ്ധ്യതയേറി. കൊവിഡ് ഭീതിയ്ക്കിടയിലും ഡെങ്കിപ്പനിക്കെതിരെ പ്രത്യേക കരുതൽ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ട് വളരുന്നത്. ഇടവിട്ട് മഴ പെയ്യുന്നതിനാൽ നാം അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയറുകൾ, ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ, മുട്ടത്തോടുകൾ എന്നിവയിൽ മഴവെള്ളം കെട്ടിനിൽക്കുകയും കൊതുക് പെരുകുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാൽ
വീടിന്റെ സൺഷെയ്ഡ്, ടെറസ്, ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.
ശ്രദ്ധിക്കാൻ
വേലി കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിന്റെ മടക്കുകൾ, മരപ്പൊത്തുകൾ, മുളങ്കുറ്റികൾ, പൈനാപ്പിൾച്ചെടി എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.
ശുദ്ധജലസംഭരണി, കുടിവെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങൾ എന്നിവ കൊതുക് കടക്കാത്തവിധം മൂടിവെയ്ക്കണം
ഈഡിസ് കൊതുകുകൾ പകൽ സമയം കടിയ്ക്കുന്നതിനാൽ ശരീരം മറഞ്ഞിരിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കണം.
രാവിലെയും വൈകിട്ടും വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം.
തുണികൾ, കർട്ടനുകൾ, മേശ, കസേര എന്നിവിടങ്ങളിൽ വിശ്രമിക്കുന്ന കൊതുകുകളെ നശിപ്പിക്കണം
എല്ലാ ഞായറാഴ്ചകളിലും വീടുകളിൽ ഡ്രൈഡേ ആചരിക്കണം.
പനിയുണ്ടായാൽ സ്വയം ചികിത്സ പാടില്ല. അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം
ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് വാങ്ങി കഴിക്കരുത്.