അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കേണ്ടവരെ കൊണ്ടുപോകുന്നതിന് നടപടിയില്ല
72 മണിക്കൂർ വരെ കഴിഞ്ഞാണ് രോഗികളെ മാറ്റുന്നത്
പ്രൈമറി കോൺടാക്ടുമായി വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവരുടെ ടെസ്റ്റുകൾ യഥാസമയം നടത്തുന്നില്ല
ആലപ്പുഴ: അടിയന്തരമായി ആശുപത്രികളിലേക്കും സി.എഫ്.എൽ.ടി.സികളിലേക്കും എത്തിക്കേണ്ടവരെ കൊണ്ടുപോകുന്നതിന് യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. ജനപ്രതിനിധികൾ വരെ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും 72 മണിക്കൂർ വരെ കഴിഞ്ഞാണ് രോഗികളെ മാറ്റുന്നത്. കൊവിഡ് കാലത്ത് വിമർശനങ്ങൾ രൂക്ഷമാണ്. ആരോഗ്യവകുപ്പിനെതിരെയാണ് വിമർശനം. ഉന്നയിക്കുന്നതോ ആലപ്പുഴ നഗരസഭയും.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ സഹകരണം ലഭിക്കുന്നില്ലെന്ന പരാതി ജില്ലാ കളക്ടർക്ക് നൽകിയിരിക്കുകയാണ് നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ.
ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിൽ ജില്ലയിലെ ആരോഗ്യവിഭാഗം കാലതാമസവും അലംഭാവവും വരുത്തുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ.
വീട്ടിൽ തന്നെ താമസിക്കാൻ സൗകര്യമുള്ള കൊവിഡ് പോസിറ്റിവ് രോഗികൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ വാർഡ്തല ജാഗ്രതാ സമിതികൾ മുഖേന നഗരസഭ നടത്തുന്നുണ്ട്. എന്നാൽ അടിയന്തരമായി ആശുപത്രികളിലേക്കും സി.എഫ്.എൽ.ടി.സികളിലേക്കും എത്തിക്കേണ്ടവരെ കൊണ്ടുപോകുന്നതിന് യാതൊരുവിധ നടപടിയും ആരോഗ്യവകുപ്പ് കൈക്കൊള്ളുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ജനപ്രതിനിധികൾ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും 72 മണിക്കൂർ കഴിഞ്ഞ് വരെയാണ് രോഗിയെ മാറ്റാൻ തയ്യാറാകുന്നത്. ഇത് വീട്ടുകാർക്കും പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
നഗരസഭയുടെ പരിധിയിലുള്ള സി.എഫ്.എൽ.ടി.സികളിൽ ബെഡ് ഒഴിവുണ്ടായിട്ടും രോഗികളെ ചേർത്തലയിലെയും കായംകുളത്തെയും സെന്ററുകളിലേക്ക് അയക്കുകയാണ്. കൂടാതെ പ്രൈമറി കോൺടാക്ടുമായി വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവരുടെ ടെസ്റ്റുകൾ യഥാസമയം നടത്തുന്നില്ല. ടെസ്റ്റ് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി വിളിച്ചാൽ നിരുത്തരവാദപരമായ മറുപടിയാണ് ലഭിക്കുന്നതെന്നും ചെയർമാൻ കുറ്റപ്പെടുത്തുന്നു. നഗരത്തിൽ റെയ്ബാൻ, സെന്റ് ജോർജ് ഓഡിറ്റോറിയങ്ങളിൽ കളക്ടറുടെ നിർദ്ദേശപ്രകാരം സി.എഫ്.എൽ.ടി.സി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും അവ പ്രവർത്തിപ്പിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ല. മറ്റ് ജില്ലകളിൽ നിന്നും പോലും കൊവിഡ് മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നതിനായി ആലപ്പുഴയിലേക്ക് എത്തിക്കുന്നുണ്ട്. ഇതുമൂലം നഗരസഭാ പരിധിയിലെ മൃതദേഹങ്ങൾ സംസ്കരിക്കാൻ കാലതാമസം നേരിടുകയാണ്. നിലവിൽ ഒരു ക്രിമിറ്റോറിയം അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരിക്കുകയാണ്.
..............................
കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയിലെ ആരോഗ്യവകുപ്പിന്റെ സഹകരണമോ ഏകോപനമോ നഗരസഭയ്ക്ക് ലഭിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കളക്ടർക്ക് പരാതി നൽകിയത്. ആരോഗ്യവകുപ്പിന്റെയും കൺട്രോൾ റൂമിന്റെയും ചാർജുള്ള ഉദ്യോഗസ്ഥരുമായി അടിയന്തരമായി ചർച്ച നടത്തി പ്രശ്ന പരിഹാരം കാണണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭാ ചെയർമാൻ
........................................................
നഗരസഭാപരിധിയിൽ ആംബുലൻസുകളുടെ എണ്ണത്തിൽ വന്ന കുറവാണ് രോഗികളെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് കാലതാമസമുണ്ടാക്കിയത്. ഇന്നലെ കളക്ടർ പുതിയ ഒരു ആംബുലൻസ് കൂടി അനുവദിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവർക്കും പ്രമേഹബാധിതർക്കും കൊവിഡ് ടെസ്റ്റിൽ മുൻഗണന നൽകുന്നുണ്ട്. ലക്ഷണമുള്ളവരിൽ നിന്നാണ് വൈറസ് വ്യാപനം കൂടുതലാകുന്നതെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് മൂലമാണ് നിരീക്ഷണത്തിലിരിക്കുന്ന രോഗലക്ഷണമില്ലാത്തവർക്ക് ടെസ്റ്റിന് കാലതാമസം നേരിടുന്നത്.
ഡോ.ദീപ്തി, ഡെപ്യൂട്ടി ഡി.എം.ഒ