ഹരിപ്പാട്: ഹരിപ്പാട് - കുട്ടനാട് നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാണ്ടി ചെക്കിടിക്കടവിൽ പാലം നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നല്കി. ഈ പാലം യാഥാർത്ഥ്യമായാൽ തകഴി - ചെറുതന പഞ്ചായത്ത് നിവാസികൾക്ക് ഒരു പോലെ പ്രയോജനം ചെയ്യും. തകഴി നിവാസികൾക്ക് ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ, മെഡിക്കൽ കോളേജ്, സുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളിൽ എത്തുന്നതിനും ചെറുതന നിവാസികൾക്ക് എടത്വപള്ളി, ചക്കുളത്ത് കാവ് അമ്പലം, എടത്വകോളേജ്, മരിയാപുരം കാർഷിക വിപണി എന്നിവിടങ്ങളിൽ അതിവേഗം എത്തിച്ചേരുന്നതിനും പാലം ഉപകരിക്കും. പ്രദേശത്തെ ജനങ്ങൾ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന യാത്രാക്ലേശത്തിൽ പരിഹാരമാകും. ഹരിപ്പാട് - ചെക്കിടിക്കാട് റോഡിന്റെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.