അമ്പലപ്പുഴ : സ്രവ പരിശോധനക്കായി പോയ നഴ്സും കുടുംബവും സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് 3 പേർക്ക് പരിക്കേറ്റു.

പുന്നപ്ര വടക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊവിഡ് 19 സ്രവ പരിശോധനക്കായി പോകുകയായിരുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം ഏഴര ചിറ വീട്ടിൽ രാജിൻ (27) ഭാര്യയും പുന്നപ്ര വടക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സുമായ ആതിര (26), ഇവരുടെ ഒന്നേകാൽ വയസുള്ള മകൻ സിദ്ധാർത്ഥ് എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ 10.30 ഓടെ ദേശീയ പാതയിൽ വണ്ടാനം ഭാഗത്തായിരുന്നു അപകടം. ആതിരക്ക് സ്രവ പരിശോധന നടത്തണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ഇവർ ബൈക്കിൽ പറവൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കു പോകവേ എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞ് റോഡിൽ വീണ് പരിക്കേറ്റ 3 പേരെയും നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിൽ ഇവരുടെ മകന് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് മൂന്നു പേരെയും കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ചു.