മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി
ആലപ്പുഴ: ഗോവ കാർവാറിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച നേവി ഉദ്യോഗസ്ഥൻ ആര്യാട് സൗത്ത് ചാലാത്തറ വീട്ടിൽ ടി.പ്രമോദിന്റെ (26) മൃതദേഹം സംസ്ക്കരിച്ചു. ഇന്നലെ ഉച്ചയോടെ അഞ്ച് നേവി ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഗോവയിൽ കപ്പലിലായിരുന്ന പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം ബാധിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ വൈകിട്ട് നാലരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യയെയും, അമ്മയെയും, സഹോദരനെയും മാത്രമാണ് മൃതദേഹം കാണാൻ അനുവദിച്ചത്. നാലു ദിവസം മുമ്പ് പ്രമോദ് കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നു.
ഭാര്യ: വിനീത. മകൻ :കാശി (രണ്ടുവയസ്).