ചേർത്തല:ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയായിരുന്ന ആർച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി.മാതൃ ഇടവകയായ കോക്കോതമംഗലം സെന്റ് തോമസ് പള്ളിക്കുള്ളിൽ പ്രത്യേകമൊരുക്കിയ കല്ലറയിലായിരുന്നു കബറടക്കം.കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നിയന്ത്റണങ്ങളുണ്ടായിരുന്നെങ്കിലും വിവിധ തുറകളിൽ നിന്നുള്ള നിരവധിപേർ അന്ത്യോപചാരമർപ്പിക്കാനെത്തി.
ചൊവ്വാഴ്ച രാവിലെ എറണാകുളം ലിസി ആശുപത്രി ചാപ്പലിലും തുടർന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ കത്തീഡ്രലായ സെന്റ് മേരീസ് ബസിലിക്കയിലും പൊതുദർശനത്തിനു വെച്ചശേഷമാണ് മൃതദേഹം ജന്മനാട്ടിലേക്കെത്തിച്ചത്.
ജനിച്ചുവളർന്ന കോക്കോതമംഗലം ചേന്നോത്ത് തറവാട്ടിൽ രാവിലെ 11.30നും,തുടർന്ന് കോക്കോതമംഗലം സെന്റ് തോമസ് പള്ളിയിലും പൊതുദർശനത്തിനു വെച്ചു.2.30ന് ദിവ്യബലിയോടെയാണ് സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ചത്.
ദിവ്യബലിക്ക് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലിത്ത വികാരി ആർച്ച് ബിഷപ്പ് മാർ.ആന്റണി കരിയിൽ മുഖ്യകാർമികത്വം വഹിച്ചു. പാലക്കാട് രൂപതാ ബിഷപ്പ് മാർ. ജേക്കബ് മനത്തോടത്ത് വചന സന്ദേശം നൽകി.സംസ്‌കാര ശുശ്രൂഷകൾക്ക് കർദിനാൾ മാർ.ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു.മുട്ടം ഫൊറോന വികാരി ഫാ.പോൾ.വി.മാടൻ, ഫാ.തോമസ് പേരേപ്പാടൻ എന്നിവർ സഹകാർമ്മികനായി.
മന്ത്റി പി. തിലോത്തമൻ, എം.എൽ.എമാരായ മോൻസ് ജോസഫ് ഷാനിമോൾ ഉസ്മാൻ, പി.ടി. തോമസ്, റോജി എം. ജോൺ, ടി.ജെ. വിനോദ്, കലക്ടർ എ. അലക്‌സാണ്ടർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.