എടത്വാ: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കുട്ടനാട്ടിൽ രണ്ടര അടിയോളം ജലനിരപ്പ് ഉയർന്നു. ഇന്നലെ പുലർച്ചെ കാറ്റും ശക്തിയായ മഴയും അനുഭവപ്പെട്ടെങ്കിലും പിന്നീട് ആകാശം തെളിഞ്ഞു. ഉച്ചയോടെ വീണ്ടും മഴ പെയ്യാൻ തുടങ്ങി. കുട്ടനാട്ടിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളിലും മുട്ടോളം വെള്ളമെത്തി. ഇടറോഡുകൾ വെള്ളത്തിൽ മുങ്ങി. ഉൾപ്രദേശങ്ങളിലെ താമസക്കാർ കടുത്ത യാത്രദുരിതത്തിലാണ്. രണ്ടാംകൃഷിയില്ലാത്ത പാടത്തെ പുറംബണ്ടുകളിൽ ഒറ്റപ്പെട്ടു താമസിക്കുന്നവർക്കാണ് കൂടുതൽ ദുരിതം . തകഴിയിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ക്യാമ്പുകൾ തുറക്കാനും കഴിയാത്ത സാഹചര്യമാണ്. കുന്നുമ്മ പ്രദേശം റെഡ്‌സോണിൽ പെട്ടതായതിനാൽ ഈ പ്രദേശത്തുനിന്ന് ആളുകളെ മാറ്റി പാർപ്പിക്കാൻ സാധ്യമല്ല.