മുതുകുളം : ഓണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം കടാക്ഷിച്ചത് ആറാട്ടുപുഴ കിഴക്കേക്കര കനകക്കുന്ന് അനിൽ ഭവനത്തിൽ ഗോപാലകൃഷ്ണനെ. ഒരു കോടി വീതം ആറു പേർക്കായിരുന്നു ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം. ഗോപാലകൃഷ്ണനെടുത്ത ടി.സി 570941 എന്ന നമ്പരിലെ ടിക്കറ്റിനാണ് ഇതിലൊരു സമ്മാനം ലഭിച്ചത്.
കനകക്കുന്നിൽ കെ.എസ്.ലൈറ്റ് ആൻഡ് സൗണ്ട് എന്ന പേരിൽ സ്വന്തമായി മൈക്ക് സെറ്റ് കട നടത്തുകയാണ് ഗോപാലകൃഷ്ണൻ. ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു .മൈക്ക് സെറ്റിന്റെ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനായി പല വ്യക്തികളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടമായി വാങ്ങിയിട്ടുണ്ട്. ഇവ തിരിച്ചു നൽകാനാകാതെ ബുദ്ധിമുട്ടുന്ന സമയത്തു ദൈവം തന്ന സമ്മാനമാണ് ഈ ഒരു കോടി രൂപയെന്ന് ഗോപാലകൃഷ്ണൻ പറയുന്നു .
മൈക്ക് സെറ്റിന്റെ ജോലികൾ ഇല്ലാത്ത സമയത്ത് സ്വന്തം ഓട്ടോറിക്ഷ ഓടിച്ചാണ് വരുമാനം കണ്ടെത്തുന്നത് . കടങ്ങൾ വീട്ടുക , മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകുക ,ജീ വകാരുണ്യപ്രവർത്തനങ്ങൾ നടത്തുക എന്നുള്ളതാണ് ഗോപാലകൃഷ്ണന്റെ ആഗ്രഹങ്ങൾ . കായംകുളത്ത് ആശുപത്രിയിൽ മാതാവ് ദേവകിക്ക് മരുന്നു വാങ്ങാനായി കഴിഞ്ഞ വെള്ളിയാഴ്ച പോയപ്പോഴാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത് . രണ്ടു ദിവസം മുൻപ് നറുക്കെടുപ്പ് കഴിഞ്ഞെങ്കിലും ഇന്നലെ രാവിലെയാണ് ഫലം പരിശോധിച്ചത്.
അമ്മയുടെ മരുന്ന് എടുക്കാനായി ചെന്നപ്പോഴാണ് ടിക്കറ്റിനെ കുറിച്ചു ഓർക്കുന്നതും ഫലം നോക്കിയതും . ടിക്കറ്റ് ജില്ലാസഹകരണ ബാങ്ക് മുതുകുളം ശാഖയിൽ ഏൽപ്പിച്ചു . ജയശ്രീയാണ് ഭാര്യ. പ്ലസ് വൺ വിദ്യാർത്ഥിയായ അഭിമന്യു, എട്ടാം ക്ലാസ് വിദ്യാർഥിയായ ആദിഷ് കൃഷ്ണ എന്നിവർ മക്കളാണ് .