അരൂർ: ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ സിഗ്നൽ കാത്തുകിടന്ന നാല് വാഹനങ്ങൾക്ക് പിന്നിൽ ടൂറിസ്റ്റ് ബസിടിച്ചു അഞ്ച് പേർക്ക് പരിക്ക്. പരിക്കേറ്റ ബൈക്ക് യാത്രികരെ എറണാകുളം ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയി ലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. മൂന്ന് ബൈക്കുകളുടെയും ഒരു ഓട്ടോ ടാക്സിക്കും പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ അടിയിൽപ്പെട്ടു പോയ ഒരു ബൈക്ക് അരൂരിലെ അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് പുറത്തെടുത്തത്. ആലപ്പുഴയിൽ നിന്ന് ഇടപ്പള്ളിയിലെ അമൃത മെഡിക്കൽ കോളേജ്ആശുപത്രിയിലേക്ക് ജീവനക്കാരുമായി പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടമുണ്ടാക്കിയത് .ബൈക്ക് യാത്രികർ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.