പൂച്ചാക്കൽ: കർഷകരുടെ കൂട്ടായ്മയിൽ, ഉളവയ്പ്പിലെ നെല്ലിശ്ശേരി - മൂവേലി പാടശേഖരത്തിലെ മുപ്പത് ഏക്കർ നിലത്ത് നെൽകൃഷിക്കായി വിത്തെറിഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം വിമൽ രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു .
കടുത്ത മഴക്കെടുതിയിലും കൊവിഡിലും പ്രതിസന്ധിയിലായ ഉളവയ്പ്പിലെ നെൽകൃഷിയെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പത്ത് കർഷകരുടെ കൂട്ടായ്മ പാടത്തേയ്ക്കിറങ്ങിയത് .
പുറംബണ്ടും , നീർച്ചാലും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പാടശേഖരത്തിലെ കൃഷി പലപ്പോഴും നഷ്ടത്തിലായിരുന്നു.അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി ഈ പാടശേഖരത്തെ അഡാക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് കർഷകർക്ക് ആശ്വാസകരമായതെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു .പൊക്കാളി നിലങ്ങളിലെ സംയോജിത മത്സ്യ - നെൽകൃഷി എന്നതാണ് പദ്ധതി .
പാടശേഖരത്തിന് പുതിയ പുറംബണ്ടും , നീർച്ചാലുകളും ഒരുക്കി അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയാണ് ഇത്തവണ നെൽകൃഷി ഇറക്കിയിട്ടുള്ളത് . കർഷകർക്ക് ചെലവ് വരുന്ന തുകയുടെ എൺപത് ശതമാനവും സബ്സിഡിയായിട്ട് ലഭിക്കും .പഞ്ചായത്തംഗം സജീവ് മണപ്പുറം,വാർഡ് വികസന സമിതി കൺവീനർ വിജയമ്മ ലാലു ,അഡാക്ക് പ്രൊജക്ട് അസിസ്റ്റന്റ് നെസിയ നസറുദ്ദീൻ , നെല്ലിശ്ശേരി - മൂവേലി പാടശേഖര സമിതി സെക്രട്ടറി കെ.എം മനോജ് ,പ്രസിഡന്റ് ഔസേഫ് കുരിശുങ്കൽ , വൈസ് പ്രസിഡന്റ് ആന്റണി പൊന്നാക്കേരി ,സുകുമാര കൈമൾ ,ബെന്നി പാങ്ങിയിൽ, ഷൺമുഖൻ,രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.