ആലപ്പുഴ: ജില്ലയിൽ ഓരോ ദിവസവും സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ സമ്പർക്കവ്യാപനം 2000ൽ അധികമാണ്.
പൊലീസ്, ആരോഗ്യവകുപ്പ് അധികൃതർ പുതിയ നിർദ്ദേശങ്ങൾ ഇറക്കുന്നുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. കായംകുളം, ആലപ്പുഴ നഗരസഭാ പരിധി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, അരൂർ, തകഴി, പുളിങ്കുന്ന് പ്രദേശങ്ങളിലാണ് സമ്പർക്ക വ്യാപനം കൂടിയത്.
ജില്ലയിൽ മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന പരിശോധന കാര്യമായി നടക്കുന്നില്ല. പൊലീസ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ, ത്രിതല പഞ്ചായത്ത്, നഗരസഭ, റവന്യു അധികാരികളുടെ പരിശോധന അയഞ്ഞതോടെ ഓരോദിവസവും റോഡുകളിലും പൊതുഇടങ്ങളിലും തിരക്കേറി. കണ്ടെയിൻമെന്റ് സോണിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നടപടികളില്ല. ഫിഷിംഗ് ഹാർബറുകളിൽ മാനദണ്ഡങ്ങൾ പാലിക്കാനായി അതത് സ്ഥലങ്ങളിൽ പ്രധാനപ്പെട്ടവരെ ചേർത്ത് കമ്മിറ്റിയുണ്ടാക്കാനെടുത്ത തീരുമാനവും നടപ്പായില്ല.
പൊലീസിന്റെ പട്രോളിംഗും വാഹന പരിശോധയും ഇല്ലതായതോടെ ജില്ലയിൽ കൊവിഡ് ലംഘനവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുറഞ്ഞു. ആദ്യഘട്ടത്തിൽ 200ൽ അധികം കേസ് എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 50ൽ താഴയേ ഉള്ളൂ. വാഹന പരിശോധന ശക്തമാക്കണമെന്ന് ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷൻ ഓഫീസർമാർക്കും ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിരുന്നെങ്കിലും പാലിക്കുന്നില്ല. രോഗപ്പകർച്ച നിരക്ക് വർദ്ധിക്കുന്ന സാഹചര്യം വിലയിരുത്താനായി ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ കൂടിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നൽകിയ നിർദേശങ്ങളും നടപ്പാകുന്നില്ല.
സൗകര്യം കുറവ്
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ല. നിരീക്ഷണത്തിലുള്ളവരുടെ ഓക്സിജന്റെ അളവ് പോലും കൃത്യമായി പരിശോധിക്കാൻ കഴിയുന്നില്ല. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെയുടെയും സ്ഥിതി ഇതുതന്നെ.
അണു നശീകരണമില്ല
കെ.എസ്.ആർ.ടി.സി ബസുകളിൽ ഏർപ്പെടുത്തിയ അണുവിമുക്ത സംവിധാനം ഇപ്പോൾ പലേടത്തും നടക്കുന്നില്ല. ഒരുസ്റ്റേഷനിൽ നിന്ന് അടുത്ത സ്റ്റേഷനിൽ ബസ് എത്തുമ്പോൾ അണുവിമുക്ത ലായനി സ്പ്രേ ചെയ്തിരുന്നു. ഇപ്പോൾ ഇതില്ല.