ആലപ്പുഴ: ഹൈക്കോടതി വിധിലംഘിച്ച് ജീവനക്കാരുടെ ശമ്പളം പത്തു മാസം കൂടി പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പണിമുടക്കുമെന്ന് സെറ്റോ ജില്ലാ ഭാരവാഹികൾ അറിയിച്ചു. സാലറി കട്ട് വഴി പിടിച്ചെടുത്ത ശമ്പളം ഉടൻ തിരിച്ചുനൽകുക,ഭവന വായ്പ, ക്ഷാമബത്ത, മെഡിക്കൽ അഡ്വാൻസ്, ലീവ് സറണ്ടർ എന്നിവ പുനസ്ഥാപിക്കുക, സുനിൽ മാണി കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക,11-ാം ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും 30ന് സംസ്ഥാന വ്യാപകമായി 10,000 കേന്ദ്രങ്ങളിൽ മോചനമുന്നേറ്റ സംരക്ഷണ സദസും നടത്തും. ജില്ലയിൽ 600 കേന്ദ്രങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ജില്ലാ ചെയർമാൻ ടി.ഡി.രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി.പ്രദീപ്, എ.എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്.മനോജ്, സെറ്റോ ജില്ലാ കൺവീനർ പി.എ.ജോൺ ബോസ്‌കോ, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ.എസ്.സന്തോഷ്. കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് വിനോദ്, സോണി പവേലിൽ, അജു പി.ബെഞ്ചമിൻ, അഭയകുമാർ തുടങ്ങിയവർ സംസാരിച്ചു.