കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉപജീവനമാർഗം മുട്ടിയ കലാകാരന്മാർക്കുവേണ്ടി പ്രത്യേക സഹായപാക്കേജ് നടപ്പിലാക്കണമെന്ന് സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് കേരള (സവാക്) ആവശ്യപ്പെട്ടു. കലാപ്രവർത്തനം മാത്രം ഉപജീവനമാക്കിയവർക്ക് കഴിഞ്ഞ മാർച്ചുമുതൽ വേദികളും വരുമാനവുമില്ല. 15 കിലോ റേഷൻഅരിയും കുറെ പലവ്യഞ്ജനകിറ്റും കുറച്ചുപേർക്ക് 2000 രൂപവീതവുമാണ് ഇതുവരെ സർക്കാരിൽ നിന്നുകിട്ടിയ സഹായം. ആറുമാസമായി ജോലി നഷ്ടപ്പെട്ടവർ എന്നനിലയിൽ കൂടുതൽ സഹായം നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ഓൺലൈനായി ചേർന്ന അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അലിയാർ പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുദർശൻ വർണം, ട്രഷറർ ജി.കെ. പിള്ള തെക്കേടത്ത്, കാഥികൻ ഇടക്കൊച്ചി സലിംകുമാർ, വി.എ. വിൻസെന്റ്, വിജയൻ മാവുങ്കൽ, അശോകൻ വയ്പാട്ട്, രാജേശ്വരി പ്രസാദ് എന്നിവർ സംസാരിച്ചു. ആലപ്പുഴ കേന്ദ്രീകരിച്ച് വിവിധ കലകളുടെ പരിശിലനത്തിന് ആർട്ട്സ് അക്കാഡമി ആരംഭിക്കാനും യോഗം തീരുമാനിച്ചു.