വള്ളികുന്നം: വ്യാപാരി വ്യവസായി ഏകോപനസമിതി മാവേലിക്കര താലൂക്ക് വൈസ് പ്രസിഡന്റും വള്ളികുന്നം ചൂനാട് പ്രവർത്തിക്കുന്ന അമ്മാസ് ഉടമയുമായ രാജേഷ് അമ്മാസിനെ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ ആറംഗ സംഘം മർദ്ദിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.

ഇന്നലെ രാത്രി ഏഴോടെ കിണറു മൂക്ക് ഉപ്പുകണ്ടം ജംഗ്ഷനു സമീപത്തായിരുന്നു സംഭവം. രാജേഷിനെ പിന്തുടർന്നു മൂന്ന് ബൈക്കുകളിൽ വന്ന സംഘം ബൈക്ക് തടഞ്ഞ് കമ്പിവടി കൊണ്ട് മർദ്ദിക്കുകയും വടിവാളുപയോഗിച്ച് വെട്ടുകയുമായിരുന്നു. കൈപ്പത്തിക്കാണ് വെട്ടേറ്റത്. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.തുടർന്ന് നാട്ടുകാർ ചേർന്ന് രാജേഷിനെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വള്ളികുന്നം യൂണിറ്റ് പ്രസിഡന്റുകൂടിയാണ് നിലവിൽ രാജേഷ്. എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽസെക്രട്ടറി രാജുഅപ്സരയും താലൂക്ക് പ്രസിഡന്റ് എം.എസ്.സലാമത്തും നേതാക്കളായ മഠത്തിൽ ഷുക്കൂർ, അനിൽ പ്രതീക്ഷ, ഗോപാലകൃഷ്ണൻ കൃഷ്ണദാസ് തുടങ്ങിയവരും ആവശൃപ്പെട്ടു.