ആലപ്പുഴ: അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ നേടാനും അഭിമുഖങ്ങളിൽ മികച്ച പ്രകടനം നടത്താനും സഹായകമാകുന്ന 'കണക്ട് ടു വർക്ക്' പദ്ധതിയുമായി കുടുംബശ്രീ രംഗത്ത്. സംസ്ഥാനത്ത് 5000 പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഫിനിഷിംഗ് സ്കൂൾ മാതൃകയിലായിരിക്കും പ്രവർത്തനങ്ങൾ. ഒരു ബ്ലോക്കിൽ ഒരു കേന്ദ്രമാണുണ്ടാവുക. റീബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത സി.ഡി.എസുകളിലാവും പദ്ധതി നടപ്പാക്കുക. ജില്ലയിൽ 12 ബ്ലോക്കുകളിലായി 12 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ബിരുദം, ബിരുദാനന്തര ബിരുദം, പോളിടെക്നിക് ഡിപ്ലോമ, ഐ.ടി.ഐ യോഗ്യത നേടിയ 35 വയസിൽ താഴെയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. ഓരോ ബ്ലോക്കിൽ നിന്നും തിരഞ്ഞെടുത്ത 33 പേർക്ക് വീതം പരിശീലനം ലഭിക്കും. ഇംഗ്ലീഷ് ഭാഷാ ശേഷിയും മറ്റ് നൈപുണ്യങ്ങളും വർദ്ധിപ്പിക്കുന്ന തരത്തിലാവും പരിശീലനം.
അസാപ്പിന്റെ സഹായത്തോടെയാണ് ക്ലാസുകൾ നടത്തുന്നത്. പരീക്ഷാർത്ഥിയുടെ കുടുംബത്തിലെ ഒരാളെങ്കിലും കുടുംബശ്രീ അംഗമായിരിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം അതത് സി.ഡി.എസുകളിലാണ് അപേക്ഷിക്കേണ്ടത്.
......................
നവംബർ ആദ്യവാരത്തോടെ പരിശീലന പരിപാടി ആരംഭിക്കാൻ സാധിക്കും. തിയറി പഠനം പൂർത്തിയാക്കിയവർക്ക് അഭിമുഖങ്ങളെയും പരീക്ഷകളെയും നേരിടുന്നതിനുള്ള ഒരു ഫ്രെഷ് അപ്പ് കോഴ്സാണ് ഫിനിഷിംഗ് സ്കൂൾ മോഡൽ കൊണ്ട് ഉദ്ദേശിക്കുന്നത്
കെ.ബി.അജയകുമാർ, അസി.ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ
..........................
പരിശീലന കാലയളവ് - മൂന്ന് മാസം (120 മണിക്കൂർ)
....................
പഠനകേന്ദ്രങ്ങൾ ഒരുക്കുന്ന സി.ഡി.എസുകൾ
പട്ടണക്കാട്, അരൂക്കുറ്റി, തണ്ണീർമുക്കം, അമ്പലപ്പുഴ വടക്ക്, നെടുമുടി, രാമങ്കരി, കാർത്തികപ്പള്ളി, കായംകുളം നഗരസഭ, ഭരണിക്കാവ്, ചെട്ടികുളങ്ങര, മുളക്കുഴ