ഹരിപ്പാട്: നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം ഇന്ന് രാവിലെ 10ന് മന്ത്രി എ.സി.മൊയ്തീൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും.
എം.പിമാരായ എ.എം.ആരിഫ്, കെ.സി.വേണുഗോപാൽ, മുൻ എം.എൽ.എ മാരായ ബാബു പ്രസാദ്, ടി.കെ. ദേവകുമാർ, കൗൺസിൽ അംഗങ്ങൾ, രാഷ്ട്രീയ സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പങ്കെടുക്കും. ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം സ്വാഗതം പറയും. ഉദ്യോഗസ്ഥർക്കും കൗൺസിലർമാർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണത്തിലും പൂർണമായും കൊവിഡ് പ്രോട്ടോക്കോളിന് വിധേയമായും ആണ് ചടങ്ങ്.
2018-19 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 4 നഗരസഭകൾക്കായി 3 കോടി വീതം അനുവദിച്ചതിൽ ഹരിപ്പാടിന് ലഭ്യമായ തുക വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. എഫ്.ആർ.ബി.എൽ എന്ന സർക്കാർ സ്ഥാപനമാണ് ജോലി ഏറ്റെടുത്തത്. പ്രീഫാബ് ടെക്‌നോളജി ഉപയോഗിച്ച് 37 സെന്റ് സ്ഥലത്ത് 3 നിലകളിലായി 15,100 ചതുരശ്ര അടി വിസ്തീർണ്ണത്തിലായിരുന്നു നിർമ്മാണം. കോൺഫറൻസ് ഹാൾ, ലൈബ്രറി എന്നിവയുമുണ്ട്. പാർക്കിംഗ് സൗകര്യം, ഇന്റർ ലോക്കിംഗ് യാർഡ്, ഗാർഡൻ, കോമ്പൗണ്ട് വാൾ, പുതിയ ഗേറ്റ് എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നഗരസഭാ ഓഫീസ് ഒക്‌ടോബർ 20ന് മുമ്പായി പുതിയ കെട്ടിടത്തിലേക്കു മാറും.