കായംകുളം: കായംകുളം ജോയൻറ് ആർ.ടി ഒാഫീസ് കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. അസി. മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ അനധികൃതമായി സൂക്ഷിച്ചിരുന്ന ആയിരം രൂപ കണ്ടെടുത്തു. സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത ഒാഫീസിൽ ഏജൻറുമാർക്ക് സ്വാതന്ത്ര്യം നൽകിയത് അഴിമതി ലക്ഷ്യമാക്കിയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഇടനിലക്കാരനായ ഏജൻറ് തുക കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പണം കണ്ടെടുത്ത ഉദ്യോഗസ്ഥനിൽ നിന്ന് അപേക്ഷകളില്ലാതെ സൂക്ഷിച്ചിരുന്ന നിരവധി ആർ.സി ബുക്കുകളും പിടികൂടി. വാഹന കച്ചവടത്തിലെ ഇടനില ഇടപാടുകൾ ലക്ഷ്യമാക്കിയാണ് ആർ.സി ബുക്കുകൾ സൂക്ഷിച്ചിരുന്നതെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.