കുട്ടനാട്: കിടങ്ങറ-കാവാലം റോഡിൽ വെളിയനാട് ഗവ.എൽ.പി സ്‌കൂളിന്റെ മതിലിനോട് ചേർന്നുള്ള റോഡ് ടാറിംഗിനെതിരെ വെളിയനാട് കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തി. സ്‌കൂൾ പ്രവർത്തിക്കാൻ തുടങ്ങിയാൽ കുട്ടികളുടെ ജീവൻ അപകടത്തിലാവുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. റോഡിന് എതിർ വശത്ത് ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും അതൊഴിവാക്കി മതിലിനോട് ചേർന്നു വരെ ടാർ ചെയ്യാൻ പൊതുമരാമത്ത് അധികൃതർ അനുമതി നൽകാൻ തയ്യാറായത് കരാറുകാരനെ സഹായിക്കാൻ വേണ്ടിയാണന്നും ഇവർ പറഞ്ഞു. സ്‌കൂളിന് മുന്നിൽ നടന്ന സമരം ഡി.സി.സി അംഗം സി.വി. രാജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.സൂരജ് അദ്ധ്യക്ഷത വഹിച്ചു. എൻ.സി. ബാബു, എ.കെ. സോമനാഥൻ, അലക്സാണ്ടർ വാഴയിൽ, ടി.ടി. തോമസ്, എ.കെ. കുഞ്ചറിയ തുടങ്ങിയവർ സംസാരിച്ചു.