ph

കായംകുളം:ക്രമസമാധാനം നഷ്ടപ്പെടുത്തി അരാജകത്വം വളർത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവൻ പറഞ്ഞു. അഴീക്കോടൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം കായംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തസാക്ഷി സ്മരണയും സത്യഗ്രഹവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രിമിനൽ സംഘങ്ങളെ പോറ്റി വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലയിലേക്ക് കോൺഗ്രസ് മാറിക്കഴിഞ്ഞു. സി.പി.എം ഏറ്റവും കൂടുതൽ ആക്രമങ്ങളെ നേരിടേണ്ടി വന്ന പ്രസ്ഥാനമാണ്. ഒരു മാസത്തിനുള്ളിൽ മൂന്ന് സി.പി.എം പ്രവർത്തകരെയാണ് കോൺഗ്രസുകാർ കൊലപ്പെടുത്തിയത്. സത്യത്തെ ആർക്കും മറച്ചു വയ്ക്കാൻ കഴിയില്ല. അന്വേഷണം പൂർത്തിയാകുമ്പോൾ എല്ലാം പുറത്തുവരുമെന്നും വിജയരാഘവൻ പറഞ്ഞു. ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. യു.പ്രതിഭ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എ. അലിയാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. ഗാനകുമാർ, എൻ. ശിവദാസൻ എന്നിവർ സംസാരിച്ചു.