t

ആലപ്പുഴ: അപേക്ഷകൾ സമർപ്പിക്കാനും, വിവരാവകാശ രേഖകൾ ലഭ്യമാക്കാനും അവശ്യ ഘടകമായ കോർട്ട് ഫീസ് സ്റ്റാമ്പുകൾ കിട്ടാനില്ല. ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾക്കും ജില്ലയിൽ കടുത്ത ക്ഷാമം. ചില ഓഫീസുകളിൽ തുക അടയ്ക്കാൻ സൗകര്യമുണ്ട്. തപാൽ വഴി അയയ്ക്കുന്ന അപേക്ഷകൾ സ്റ്റാമ്പ് ഒട്ടിച്ചുതന്നെ നൽകണം. മാസങ്ങളായി മുദ്രപ്പത്ര ക്ഷാമം തുടരുകയാണ്. ജനന, മരണ സർട്ടിഫിക്കറ്റുകൾക്കുൾപ്പെടെ മുദ്രപ്പത്രം ആവശ്യമാണ്. ചെറിയ തുകയുടെ പത്രം കിട്ടാതായതോടെ കൂടുതൽ മൂല്യമുള്ളവ വാങ്ങേണ്ട അവസ്ഥയിലാണ് ജനം. കൊവിഡ് നിയന്ത്രണങ്ങൾ മൂലം ആവശ്യത്തിന് മുദ്രപ്പത്രങ്ങളും സ്റ്റാമ്പും അച്ചടിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. റവന്യു ഉൾപ്പെടെ വിവിധ സർക്കാർ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾക്ക് കോർട്ട് ഫീ സ്റ്റാമ്പ് ആവശ്യമില്ലാത്തത് ആശ്വാസകരമാണ്. ഇത്തരം ആവശ്യങ്ങൾക്ക് വെള്ളക്കടലാസിൽ അപേക്ഷ നൽകിയാൽ മതിയാകും.