ആലപ്പുഴ: തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് തീയിട്ടെന്ന കേസിൽ കോടതി വെറുതെവിട്ടയാൾ ജാമ്യമെടുക്കാൻ ആളില്ലാതെ 521 ദിവസമായി ജയിലിൽ കഴിയുന്നത് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശം നൽകിയത്.

30 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

മണ്ണഞ്ചേരി ആറാം വാർഡ് കണ്ടത്തിൽ വീട്ടിൽ ജോഷിയെ (58) ജയിൽ മോചിതനാക്കാൻ കോടതി ഉത്തരവിട്ടിട്ടും ജയിലിൽ നിന്ന് വിട്ടയയ്ക്കാത്തത് സംബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് കമ്മിഷനിൽ വിശദീകരണം നൽകണം. ജയിൽ വിഭാഗം ഡി.ജി.പിയും ഇക്കാര്യം വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണം. 2019 ഏപ്രിൽ 7ന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണ്ണഞ്ചേരി ഈസ്റ്റ് കമ്മിറ്റി ഓഫീസ് കത്തി നശിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനോട് 30 ദിവസത്തിനകം കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെടണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

ഒക്ടോബർ 17 ന് മാത്രമേ ജോഷിയെ ജയിലിൽ നിന്ന് വിട്ടയയ്ക്കാൻ കഴിയുകയുള്ളൂവെന്നാണ് ജയിൽ അധികൃതർ പറയുന്നത്. കോടതി ഉത്തരവ് തപാൽ മാർഗ്ഗം കിട്ടണമെന്നാണ് ജയിൽ അധികൃതരുടെ നിലപാട്. അതേ സമയം ഉത്തരവ് കോടതിയിൽ നിന്ന് ഇ മെയിൽ വഴി ലഭിച്ചിരുന്നു. 2019 ഏപ്രിൽ 7 ന് മണ്ണഞ്ചേരി പാർട്ടി ഓഫീസ് കത്തിയ കേസിലാണ് ജോഷിയെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവില്ലാത്തതിനാൽ കോടതി വിട്ടയച്ചെങ്കിലും ജോഷി ഒരു വലിയ ശിക്ഷാകാലം അനുഭവിച്ചു. ജോഷിക്ക് ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് മക്കളുമുണ്ട്. പണമില്ലാത്തതുകൊണ്ടാണ് വീട്ടുകാർക്ക് ജോഷിയെ ജാമ്യത്തിലിറക്കാൻ കഴിയാതിരുന്നത്.കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ജോഷി. കേസ് വാദിച്ചത് ലീഗൽ സർവീസ് അതോറിട്ടി നിയോഗിച്ച അഭിഭാഷകനാണ്. കുറ്റത്തിന് കിട്ടാവുന്ന പരമാവധി ശിക്ഷയെക്കാൾ കൂടുതൽ ദിവസം ഒരാളെ ജയിലിൽ കിടത്താൻ പാടില്ലെന്നാണ് നിയമമെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും കമ്മിഷൻ വ്യക്തമാക്കി.