ആലപ്പുഴ:ഫോട്ടോ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റായിരുന്ന ജയമോഹൻ സുഭദ്രാമണിയെ കല്യാണം കഴിച്ചത് നാല്പത്തിനാല് വർഷം മുമ്പാണ്. കതിർമണ്ഡപത്തിൽ മിന്നിയ ഫ്ലാഷും കാമറയും സുഭദ്രാമണി അന്നേ ഹൃദയത്തിൽ ഫ്രെയിം ചെയ്‌തു വച്ചു. വീട്ടിലെത്തിയപ്പോൾ സ്റ്റുഡിയോ. കാമറയും ലൈറ്റും ഡാർക്ക് റൂമിലെ ചുവന്ന ബൾബും ഫിലിം റോളുകളും ഡെവലപ്പറിന്റെ ഗന്ധവും പ്രിന്റിംഗും ഫിനിഷിംഗും...എല്ലാം സുഭദ്രാമണിയുടെ ഫോക്കസിൽ. നാല് കൊല്ലം കഴിഞ്ഞപ്പോൾ, ആണുങ്ങളുടെ കുത്തകയായിരുന്ന കതിർമണ്ഡപങ്ങളിലേക്ക് കാമറയുമായി ഇറങ്ങി. പിന്തുണയുമായി ജയമോഹനും. നാല്പതു വർഷമായി തിരക്കുള്ള കല്യാണ ഫോട്ടോഗ്രാഫറാണ് സുഭദ്രാമണി.മകൾ സന്ധ്യയും മകൻ സജിയും കാമറ എടുത്തതോടെ ഫോട്ടോഗ്രാഫർമാരുടെ കുടുംബചിത്രം സമ്പൂർണം. നാലുപേരും ഒന്നിച്ച് കാമറകളുമായി എത്തുന്ന വേദികളും കുറവല്ല. അത് നാട്ടുകാർക്ക് കൗതുകം.1976ലായിരുന്നു വിവാഹം. ജി. ജയമോഹൻ അന്ന് ഹരിപ്പാട് ഭാസി സ്റ്റുഡിയോയിലെ ആർട്ടിസ്റ്റായിരുന്നു. ഇപ്പോൾ 77 വയസ്. സുഭദ്രാമണിക്ക് 60 വയസും. വർഷങ്ങൾ കഴിയുമ്പോൾ ചിത്രങ്ങൾ മങ്ങാറുണ്ട്. പക്ഷേ ഫിലിമിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ്, കളർ കാലങ്ങളിലൂടെ ആധുനിക ഡിജിറ്റൽ യുഗത്തിലേക്ക് വളരുകയായിരുന്നു ഇരുവരും.ജയമോഹന് അദ്ധ്യാപകനായി ജോലി കിട്ടിയതോടെ സുഭദ്രാമണി സ്റ്റുഡിയോ ഏറ്റെടുത്തു. 1981 മാർച്ച് 26ന് തോട്ടപ്പള്ളിയിൽ സ്വന്തമായി തുടങ്ങി. മകളുടെ പേരും നൽകി - സന്ധ്യ സ്റ്റുഡിയോ. കല്യാണപ്പെൺകുട്ടികളുടെ വീട്ടുകാർ സുഭദ്രാമണിയെ തേടി വരാൻ തുടങ്ങി. മാസം ഇരുപത് കല്യാണങ്ങളുടെ വരെ ഫോട്ടോ എടുത്തിട്ടുണ്ട്. മഹസർ ദൃശങ്ങൾ പകർത്താൻ പൊലീസും വരുമായിരുന്നു.സന്ധ്യ പത്തു വയസിൽ മാതാപിതാക്കൾക്കൊപ്പം പോയി തുടങ്ങിയതാണ് കല്യാണ ഫോട്ടോഗ്രാഫി. ഇപ്പോൾ കരുവാറ്റയിൽ സ്വന്തം സ്റ്റുഡിയോ ഉണ്ട്. കുടുംബ സ്റ്റുഡിയോയുടെ മേൽനോട്ടം സജിയാണ്.സന്ധ്യയുടെ ഭർത്താവ് രാജുവും, സജിയുടെ ഭാര്യ രേഷ്‌മയും സർക്കാർ സ്‌കൂൾ അദ്ധ്യാപകരാണ്.
റോളിഫ്ലെക്സ്, മാമിയ, പഴയ ഫീൽഡ് കാമറ, പെന്റാക്സ്, സോണി, നിക്കോൺ, യാഷിക തുടങ്ങിയ കാമറകളുടെ ശേഖരമുണ്ട്. സൗകര്യം ഡിജിറ്റൽ കാമറയാണെങ്കിലും ഇഷ്ടം പഴയ ഫോട്ടോഗ്രഫിയാണ്. അന്ന് ഫോട്ടോ ഡെവലപ് ചെയ്യുന്നത് വരെ കാക്കണം. ആ ഫോട്ടോ ആളുകൾ ഇഷ്ടപ്പെടുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല''
-സുഭദ്രാമണി