ആലപ്പുഴ:കായംകുളം എം.എസ്.എം കോളേജിന് വടക്ക് സെയ്താർ പള്ളിയുടെ എതിർവശത്ത് ദേശീയപാതയുടെ ഒരു ഭാഗം ഇടിച്ചുനിരത്തി മത്സ്യമാർക്കറ്റ് സ്ഥാപിച്ചതിൽ പ്രതിഷേധവുമായി മന്ത്രി ജി. സുധാകരൻ. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പിയോടും കളക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും മന്ത്രി ആവശ്യപ്പെട്ടു. മാർക്കറ്റ് ഉടൻ നീക്കം ചെയ്യണമെന്നും മന്ത്രി ഉത്തരവിട്ടു.
ദേശീപാത ചീഫ് എൻജിനീയർ, ദേശീയപാത എക്സിക്യൂട്ടീവ് എൻജിനിയർ, കായംകുളം ഡി.വൈ.എസ്.പി എന്നിവർക്കും മന്ത്രി കത്തയച്ചു. കളക്ടറെ മന്ത്രിയുടെ ഓഫീസിൽ നിന്നു നേരിട്ടു വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തെപ്പറ്റി ഇന്നലെത്തന്നെ കളക്ടറെയും പൊലീസിനെയും സ്ഥലം കൗൺസിലർ അറിയിച്ചിരുന്നു.
തമിഴ്‌നാട്ടിൽനിന്നു പുലർച്ചെ 3ന് മത്സ്യം കൊണ്ടുവന്ന് രാവിലെ 6 വരെ അനധികൃതമായി വില്‍പ്പന നടത്തുകയാണ്. ഡ്രൈവർമാർ അടക്കം 2 ലോറികളും കസ്റ്റഡിയിലെടുത്തു. അനധികൃതമായി ദേശീയ പാതയിൽ നിർമ്മാണം നടത്തിയവരെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. കച്ചവടം നടത്തിയവരെയും തിരയുകയാണ്. യാതൊരു വിട്ടുവീഴ്ചകളും ഉണ്ടാകരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. മൂന്നാഴ്ചമുമ്പ് കല്ലമ്പലത്ത് മത്സ്യവ്യാപാരം നടത്തി റോഡ് ഗതാഗതം സ്തംഭിപ്പിച്ചിരുന്നു. അന്ന് അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പത്ര പ്രസ്താവന നൽകിയെങ്കിലും കച്ചവടം തുടർന്നു. തുടർന്ന് അസിസ്റ്റന്റ് എൻജിനീയറെ സസ്‌പെൻഡ് ചെയ്തിരുന്നു. പൊലീസ് ഇടപെട്ട് മത്സ്യവ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.
കായംകുളത്തെ നിർമ്മാണ പ്രവർത്തനം അസിസ്റ്റന്റ് എൻജിനീയർമാരും ഓവർസിയർമാരും തടയാതിരുന്നതിന്റെ കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എക്‌സിക്യുട്ടീവ് എൻജിനീയറെ മന്ത്രി ചുമതലപ്പെടുത്തി. ദേശീയപാതകളിൽ അനധികൃത മത്സ്യവ്യാപാരം നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കാൻ ചീഫ് എൻജിനീയറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കായംകുളം മാർക്കറ്റിലെ മത്സ്യവ്യാപാര മേഖലകളിൽ നിന്നാണ് നൂറുകണക്കിന് ആളുകളിലേക്ക് കൊവിഡ് പകർന്നത്. പിന്നീട് അത് ഭേദമാകുകയും ചെയ്തു. കായംകുളത്തുൾപ്പെടെ കൊവിഡ് വർദ്ധിക്കുകയാണ്. ദേശീയപാത വഴി കൊവിഡ് ബാധിക്കുന്നത് ദുരന്ത നിവാരണ നിയമത്തിന്റെ ലംഘനമാണ്. ദേശീയപാത നിയമങ്ങളും ലംഘിച്ചിട്ടുണ്ട്.
ലക്ഷകണക്കിന് രൂപയുടെ മത്സ്യ വ്യാപാരമാണ് കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്നത്. ഇതിനെതിരെ കർശന നടപടിയെടുക്കും. ദേശീയപാതകളിലെയും സംസ്ഥാന പാതകളിലെയും മത്സ്യവ്യാപാരങ്ങളും രോഗം പരത്തുന്ന മറ്റു കച്ചവടങ്ങളും ഒഴിവാക്കാൻ പൊതുജനങ്ങളും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളും സഹായിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ദൂരെമാറിയുള്ള കച്ചവടം ഒഴിപ്പിക്കില്ല
ദേശീയപാതയിലെ ഗതാഗതത്തെ തടസപ്പെടുത്താതെ ദൂരെക്ക് മാറി ആരെങ്കിലും കച്ചവടം നടത്തുന്നുണ്ടെങ്കിൽ അത്
തത്കാലം ഒഴിപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പൊതുജന താത്പര്യം എല്ലാ കച്ചവടക്കാരും പാലിക്കണം. മത്സ്യവ്യാപാരം ഒരു കാരണവശാലും പൊതുവീഥികളിൽ അനുവദനീയമല്ലെന്ന് കല്ലമ്പലം സംഭവത്തിന് ശേഷം ചീഫ്
എൻജിനീയർ ഉത്തരവ് ഇറക്കിയിരുന്നു. കുറ്റക്കാർക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് എസ്.പിക്ക് മന്ത്രി നിർദ്ദേശം നൽകി. കളക്ടറോട് സ്ഥലം സന്ദർശിക്കണമെന്നും ദേശീയപാതകളിൽ പരിശോധന നടത്തണമെന്നും മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു. .