ആലപ്പുഴ : കെ.എസ്.യു മാർച്ചിനിടയിൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ ആലപ്പുഴ നോർത്ത് എസ്.ഐ യും രണ്ട് പൊലീസുകാരും നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഒക്ടോബർ 7ന് രാവിലെ 11.30ന് തിരുവനന്തപുരത്ത് കമ്മിഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശിച്ചു.
ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോൺസൻ എബ്രഹാം സമർപ്പിച്ച പരാതിയിലാണ് നടപടി. 18ന് ഉച്ചക്ക് ആലപ്പുഴ കളക്ടറേറ്റിലേക്ക് നടന്ന മാർച്ചിനെ പൊലീസ് നേരിട്ടരീതിയാണ് പരാതിക്ക് അടിസ്ഥാനം. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പൊലീസ് ലാത്തിയും ഫൈബർ സ്റ്റിക്കും ഉപയോഗിച്ച് മനുഷ്യത്വരഹിതമായി നേരിട്ടെന്ന് പരാതിയിൽ പറയുന്നു. ബൂട്ടിട്ട് ചവിട്ടയത് കാരണം നിരവധി പേർക്ക് തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായ പരിക്കുണ്ട്. മർദ്ദനത്തിന്റെ ചിത്രങ്ങൾ കമ്മീഷൻ പരിശോധിച്ചു. എസ്.ഐ ടോൾസൻ ജോസഫ്, സി.പി.ഒ മാരായ എഡ്മണ്ട്, ശരവണൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് പരാതിയിൽ പറയുന്നു.സമാധാനപരമായി നടക്കുന്ന മാർച്ചിനെ ക്രൂരമായി നേരിടാനുള്ള അധികാരം പൊലീസിനില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.