s

ആലപ്പുഴ: അതാതു യൂണിവേഴ്സിറ്റിയിൽ നിന്നും വിദൂര/പ്രൈവറ്റ് പഠനം വേർപെടുത്തി ഓപ്പൺ യൂണിവേഴ്സിറ്റിയിലേയ്ക്ക് മാറ്റുന്നതിനെതിരെ ജില്ലയിലെ മുഴുവൻ പാരലൽ കോളേജ് അദ്ധ്യാപകരും കുടുംബാംഗങ്ങളും ധർണ്ണ നടത്തി. തിരക്കുപിടിച്ച് പ്രൈവറ്റ് രജിസ്ട്രേഷനും വിദൂരപഠനവും മാറ്റുന്നതിലൂടെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് കെ.പി.ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. പാരലൽ കോളേജിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുന്നതുവഴി സ്വാശ്രയ കോളേജിൽ ഡൊണേഷൻ വാങ്ങി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുവാനുള്ള അവസരം സൃഷ്ടിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി ശ്യാമപ്രസാദ് പറഞ്ഞു. ഈ സമരം ഇവിടെ അവസാനിക്കില്ലെന്നും ലക്ഷ്യം നേടിയെടുക്കുന്നതുവരെ മുന്നോട്ടുപോകുമെന്നും ജില്ലാ ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. പാരലൽ കോളേജിൽ കുട്ടികൾക്ക് വിദ്യാഭ്യാസ അവസരം നഷ്ടപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപകരും കുടുംബാംഗങ്ങളും ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് ഇ മെയിൽ സന്ദേശമയച്ചു. ധർണ്ണയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളേയും ജില്ലാ ട്രഷറർ സിബി ജോർജ് അഭിനന്ദിച്ചു.