കുട്ടനാട് : പ്ലാസ്റ്റിക്ക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വെളിയനാട് ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.സജീവ് നിർവ്വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു തോട്ടുങ്കൽ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ രമ്യാ സന്തോഷ് എന്നിവർ പങ്കെടുത്തു.
ഒൻപതാം വാർഡിൽ 330 വീടുകളിൽനിന്നുള്ള പ്ലാസ്റ്റിക് ശേഖരണം ഒറ്റദിവസം പൂർത്തിയാക്കിയാണ് ഹരിത കർമ്മ സേന പ്രവർത്തനം ആരംഭിച്ചത്. 5 - 6 പേർ അടങ്ങുന്ന 5 ടീമുകളാണ് വീടുകൾ സന്ദർശിച്ച് പ്ലാസ്റ്റിക് ശേഖരിച്ചത്. 26 പേരടുങ്ങുന്നതാണ് പഞ്ചായത്തിലെ ഹരിത കർമ്മ സേന. അജൈവ മാലിന്യങ്ങൾ കഴുകി വൃത്തിയാക്കി 30 രൂപ യൂസർ ഫീസ് സഹിതമാണ് ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ടത്. ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററാണ് സാങ്കേതിക സഹായങ്ങൾ ചെയ്യുന്നത്.