ആലപ്പുഴ: ആർക്കും സ്വന്തമായി വീടില്ലാത്ത സ്ഥിതിയുണ്ടാവരുതെന്നതാണ് ലൈഫ് മിഷൻ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷന്‍പദ്ധതി ഭവന നിര്‍മ്മാണ കാര്യത്തിൽ സ്വതന്ത്ര ഇന്ത്യയിൽ നടന്ന ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ്. അർഹരായ മുഴുവൻ ഭവനരഹിതർക്കും വീട് നൽകുന്ന ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിൽ മണ്ണഞ്ചേരി, പള്ളിപ്പാട് ഭവന സമുച്ചയങ്ങളുടെ നിർമ്മാണ ഉദ്ഘാടനമാണ് നടന്നത്.

മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്കായി മണ്ണഞ്ചേരി കണ്ണാട്ടുകടവിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. പാർപ്പിട പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. നാലോ അഞ്ചോ ലക്ഷം വീടുകൾകൂടി നിർമ്മിച്ചു കഴിഞ്ഞാൽ സംസ്ഥാനത്തെ പാർപ്പിട പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വമ്പിച്ച ജന പങ്കാളിത്തം ഈ ബൃഹത്തായ പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണെന്നും അതിന് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ജി. സുധാകരൻ സന്ദേശത്തിൽ പറഞ്ഞു. എ.എം. ആരിഫ് എം.പി സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഭവന സമുച്ചയത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പി.ഉദയസിംഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാൽ, ജില്ലാ പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാർ, ലൈഫ് പ്രോജക്ട് ഡയറക്ടർ എ. പ്രദീപ് കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 നാലു നില, 28 ഫ്ളാറ്റുകൾ

നാല് നിലകളിലായി 28 ഫ്ളാറ്റുകളാണ് മണ്ണഞ്ചേരിയിൽ നിർമ്മിക്കുന്നത്. 54 സെന്റിലാണ് ഭവന സമുച്ചയം. 445 ചതുരശ്രഅടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന ഓരോ ഫ്ളാറ്റിലും രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ടോയ്‌ലറ്റ് എന്നിങ്ങനെയാണ് ഉണ്ടാകുക. 4.75 കോടി ചെലവിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായുള്ള മിറ്റ്‌സുമി ഹൗസിംഗ് ലിമിറ്റഡ് ആണ്.സമുച്ചയത്തിന്റെ ഭാഗമായി മുതിർന്നവർക്കുള്ള പ്രത്യേക മുറി,സിക്ക് റൂം, കോമൺ ഫെസിലിറ്റി റൂം, റിക്രിയേഷൻ റൂം, ഇലക്ട്രിക്കൽ റൂം, മലിനജല ശുചീകരണ പ്ലാന്റ്, സൗരോർജ സംവിധാനം എന്നിവ ഉണ്ടായിരിക്കും. ലൈഫ് മിഷനിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഒന്നാംഘട്ടത്തിലായി 53 വീടുകളും രണ്ടാംഘട്ടത്തിൽ ഏറ്റെടുത്ത 382 വീടുകളിൽ 350ഉം ഇതുവരെ പൂർത്തീകരിച്ചിട്ടുണ്ട്.